തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ പരസ്യമായി അപമാനിച്ച കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷം. വി എസ് ജീവിച്ചിരിക്കെ തന്നെ ഇടതുമുന്നണി ഇത്തരത്തിൽ ഒരു നിലപാട് എടുത്തതിൽ പാർട്ടി തലത്തിൽ പല അഭിപ്രായവ്യത്യാസങ്ങളും ഉയരുന്നുണ്ട്.
ഉമ്മൻചാണ്ടി മന്ത്രി മന്ത്രിസഭയിൽ വനംമന്ത്രി ആയിരിക്കെ 2011 ഒക്ടോബറിൽ ആയിരുന്നു ഗണേഷ് കുമാർ വിഎസ് അച്യുതാനന്ദനെതിരെ വിവാദ പരാമർശം നടത്തുന്നത്. പത്തനാപുരത്ത് നടന്ന ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടയിൽ ആയിരുന്നു വിഎസ് കാമഭ്രാന്തൻ ആണെന്നും വികൃത മനസ്സ് ആണെന്നും എല്ലാം ഗണേഷ് കുമാർ പരാമർശം നടത്തിയത്. തന്റെ പിതാവ് ബാലകൃഷ്ണപിള്ളക്കെതിരെ വിഎസ് അച്യുതാനന്ദൻ നിരന്തരമായി അപവാദപ്രചരണം നടത്തുകയാണ് എന്നും ഗണേഷ് കുമാർ അതേ വേദിയിൽ വ്യക്തമാക്കിയിരുന്നു.
ഗണേഷ് കുമാറിന്റെ ഈ വിവാദ പരാമർശം വലിയ കോളിളക്കം ആയിരുന്നു അന്ന് കേരളത്തിൽ ഉണ്ടാക്കിയിരുന്നത്. ഗണേഷ് കുമാറിനെതിരായി എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐവൈഎഫ് തുടങ്ങിയ സംഘടനകൾ എല്ലാം തന്നെ ഈ വിഷയത്തിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് ഇടതുമുന്നണി ആവശ്യപ്പെടുകയും നിയമസഭയിൽ കോടിയേരി ബാലകൃഷ്ണൻ ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. ഗണേഷ് കുമാറിന്റെ പരാമർശങ്ങൾക്ക് അന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഭയിൽ ക്ഷമാപണം നടത്തിയിരുന്നു. പിന്നീട് ഗണേഷ് കുമാറും ഈ വിഷയത്തിൽ ക്ഷമാപണം നടത്തി.
പാർട്ടിയിലെ ഏറ്റവും മുതിർന്ന ഒരു നേതാവിനെ ഇത്തരത്തിൽ പരസ്യമായി അപമാനിച്ച ഗണേഷ് കുമാർ അതേ ഇടതുമുന്നണിയിൽ മന്ത്രിസ്ഥാനത്ത് എത്തുന്നത് പല പ്രവർത്തകർക്കിടയിലും വലിയ അമർഷം ഉണ്ടാക്കുന്നുണ്ട്. അന്ന് ഗണേഷ് കുമാറിന് എതിരായി സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ച പാർട്ടി പ്രവർത്തകർക്ക് ഇപ്പോൾ അദ്ദേഹത്തിന് പിന്തുണ നൽകേണ്ട ഗതികേടാണുള്ളത്.
Discussion about this post