തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ കടകളുമായി ചേർന്ന് കെ സ്റ്റോർ പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിലവിലുള്ള റേഷൻകടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുക എന്നതാണ് കെ-സ്റ്റോർ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
റേഷൻ കടകളിൽ കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും ലഭ്യമാക്കാൻ വേണ്ടിയാണ് കെ സ്റ്റോർ പദ്ധതി ആരംഭിക്കുന്നതെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കി. ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശങ്ങളിലെ റേഷൻ കടകളിലാണ് കെ-സ്റ്റോർ പദ്ധതി ആരംഭിക്കുന്നത്. 10000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിംഗ് സംവിധാനങ്ങൾ , വൈദ്യുതി ബിൽ, വാട്ടർ ബിൽ, എന്നിവ അടയ്ക്കാനുള്ള സൗകര്യം, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചക വാതക കണക്ഷൻ, ശബരി, മിൽമ ഉൽപ്പന്നങ്ങൾ എന്നിവയായിരിക്കും ആദ്യഘട്ടത്തിൽ കെ-സ്റ്റോറുകളിൽ ലഭ്യമാകുന്ന സേവനങ്ങൾ.
വ്യവസായ വകുപ്പിൻ്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 2 ലക്ഷം പുതിയ സംരംഭങ്ങൾ വരുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. കഴിഞ്ഞ 8 മാസത്തിനുള്ളിൽ പുതിയ 16 സ്വകാര്യ വ്യവസായ പാർക്കുകൾ കേരളത്തിൽ ആരംഭിച്ചതായും പി രാജീവ് അറിയിച്ചു. സർക്കാരിന്റെ പുതിയ വ്യവസായ നയത്തിലുടെ കേരളത്തിലേക്ക് കൂടുതൽ പദ്ധതികൾ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post