റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ ഇത് ഏഴാം തവണയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
എന്ന് ഹാജരാകണമെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല. പകരം സൗകര്യമുള്ള ദിവസവും സമയവും അറിയിക്കാനാണ് ഇഡി നിർദ്ദേശിച്ചിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 50ാം വകുപ്പ് പ്രകാരം ആണ് നടപടി.
കേസിൽ ഈ മാസം 12 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ഹേമന്ത് സോറന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹേമന്ത് സോറന് പുതിയ നോട്ടീസ് നൽകിയതും സൗകര്യമുള്ള ദിവസം അറിയിക്കാൻ ഇഡി ആവശ്യപ്പെട്ടതും. കേസിൽ ഓഗസ്റ്റ്, സെപ്തംബർ, എന്നീ മാസങ്ങളിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
സൗകര്യമുള്ള ദിവസം ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് ഹേമന്ത് സോറന് നിലവിൽ നൽകിയിരിക്കുന്ന നിർദ്ദേശം. ഹാജരാകുന്ന വേളയിൽ ഭൂമിയിടപാടും, പണമിടപാടും സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post