പത്തനംതിട്ട: ഓൺലൈൻ റമ്മി കളിച്ച് നഷ്ടമായ പണം വീണ്ടെടുക്കാൻ മോഷണം. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും മാലയും പോലീസ് കണ്ടെടുത്തു.
നെടിയകാല സ്വദേശിനിയായ 80 കാരിയുടെ മാലയാണ് അമൽ മോഷ്ടിച്ചത്. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി മാല സ്വന്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ 80 കാരി പോലീസിൽ പരാതി നൽകി. ഇതിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വാടക വീട്ടിൽ നിന്നായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്.
ഓൺലൈൻ റമ്മി കളിച്ച് 3 ലക്ഷം രൂപയായിരുന്നു അമലിന് നഷ്ടമായത്. വീണ്ടും റമ്മി കളിച്ച് നഷ്ടമായ പണം വീണ്ടെടുക്കുന്നതിന് വേണ്ടിയായിരുന്നു മോഷണമെന്ന് അമൽ പോലീസിന് മൊഴി നൽകി. റമ്മി കളിക്കാനുള്ള പണം സ്വന്തമാക്കാൻ കൂടുതൽ മോഷണങ്ങൾ ഇയാൾ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മോഷണത്തിനായി സ്ത്രീകൾ മാത്രം തനിച്ച് താമസിക്കുന്ന വീടുകളും കടകളും ഇയാൾ കണ്ടുവച്ചിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
അമലിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.












