ന്യൂഡൽഹി: അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവിക സേന. ചരക്ക് കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നടപടി. മദ്ധ്യ- വടക്കൻ അറബിക്കടലിലാണ് നാവിക സേന സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മേഖലയിൽ കൂടുതൽ യുദ്ധകപ്പലുകൾ സേന വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ പട്രോളിംഗും ശക്തമാക്കി. ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ തീരസംരക്ഷണ സേനയുമായി ചേർന്നാണ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നാവിക സേനയുടെ പ്രവർത്തനങ്ങൾ.
ഡ്രോൺ ആക്രമണത്തിന് പിന്നാലെ അറബിക്കടലിലെ സുരക്ഷ ശക്തമാക്കുന്നതിനായി ആവശ്യമുള്ളതെല്ലാം ചെയ്യാൻ നാവിക സേന മേധാവി അഡ്മിറൽ ആർ ഹരി കുമാർ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് അധിക യുദ്ധകപ്പലുകൾ ഉൾപ്പെടെ വിന്യസിച്ചിട്ടുള്ളത്. സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ടുകൾ കണ്ടാൽ അവ വിശദമായി പരിശോധിക്കാനും ചരക്ക് കപ്പലുകൾക്ക് ആവശ്യമെങ്കിൽ സുരക്ഷയൊരുക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി നിരവധി ചരക്ക് കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഹൂതികളാണ് ആക്രമണം നടത്തുന്നത് എന്നാണ് വിവരം. ചെങ്കടലിലും, ഏദൻ കടലിടുക്കിലും കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു.
Discussion about this post