ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനായി ഓൺലൈനിലൂടെ സംഭാവന പിരിക്കാൻ ശ്രമിച്ച് സൈബർ കുറ്റവാളികൾ. ക്യുആർ കോഡ് അടക്കം ഫോണുകളിലേക്ക് അയച്ചു നൽകിയാണ് സംഭാവനകൾ ആവശ്യപ്പെടുന്നത്. വിവരം പുറത്തുവന്നതോടെ വിശ്വഹിന്ദു പരിഷത്ത് പരാതി നൽകി.
സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് കുറ്റവാളികൾ ആളുകളിൽ നിന്ന് സംഭാവന തേടുന്നത്. ‘ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര അയോധ്യ, ഉത്തർപ്രദേശ്’ എന്ന പേരിലാണ് വ്യാജ പേജ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ സംഭാവന പിരിവ് ശ്രദ്ധയിൽപ്പെട്ട ചിലർ വിശ്വഹിന്ദു പരിഷത്തിനെ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. രാമ ക്ഷേത്ര ട്രസ്റ്റ് ജനങ്ങളിൽ നിന്നും യാതൊരു പണപ്പിരിവും നടത്തുന്നില്ലെന്ന് വിഎച്ച്പി വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് ഡിജിപി, ഡൽഹി പോലീസ് കമ്മീഷണർ, ആഭ്യന്തര മന്ത്രാലയം എന്നിവർക്ക് വിശ്വഹിന്ദു പരിഷത്ത് പരാതി നൽകിയിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ ആവശ്യപ്പെട്ടു.
Discussion about this post