അമരാവതി: പുതുവര്‍ഷത്തിന്റെ ആദ്യ ദിനം തന്നെ ചരിത്രം എഴുതി ഭാരതം. ആദ്യ എക്സ്-റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) വിജയകരമായി വിക്ഷേപിച്ചു.രാവിലെ 9.10 ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം.ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനം ലക്ഷ്യമിട്ടാണ് എക്സ്-റേ പോളാരിമീറ്റര്‍ സാറ്റലൈറ്റിന്റെ വിക്ഷേപണം.ഐഎസ്ആര്‍ഒയും ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഒരുമിച്ചാണ് എക്സ്പോസാറ്റ് നിര്‍മിച്ചത്. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണമാണ് ഇന്ന് നടന്നത്.
എക്സ്-റേ ധ്രുവീകരണത്തിന്റെ അളവ് മനസ്സിലാക്കുന്നതിനുള്‍പ്പെടെ ജ്യോതിശാസ്ത്ര രംഗത്ത് വിദൂര ഗ്രഹങ്ങളെ കുറച്ച് പഠിക്കുന്നതിന് നിര്‍ണായകമായ ചുവടുവെയ്പ്പാണ് ഇത്.
ശാസ്ത്ര ലോകത്തെ വലിയ നേട്ടത്തിനാണ് ഇത് വഴിവെയ്ക്കുക. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്‌സ്‌പോസാറ്റിനെ പി.എസ്.എല്‍.വി. സി 58 എത്തിക്കുക.തിരുവനന്തപുരം എല്‍ ബി എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച വീ-സാറ്റ് എന്ന പേലോഡും വിക്ഷേപണ വാഹനത്തില്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്.വീ-സാറ്റ് ഉള്‍പ്പെടെ 10 പരീക്ഷണ പേലോഡുകള്‍ വഹിച്ച് റോക്കറ്റിന്റെ നാലാംഘട്ടം ഭൂമിയില്‍നിന്ന് 350 കിലോമീറ്റര്‍ ഉയരത്തിലാണ് തുടരുക.
രണ്ട് ശാസ്ത്രീയ പേലോഡുകള്‍ ഉള്‍പ്പെടുന്നതാണ് എക്സ്‌പോസാറ്റ്. പോളിക്സ് (പോളാരിമീറ്റര്‍ ഇന്‍സ്ട്രുമെന്റ് ഇന്‍ എക്‌സ്-റേസ്) ആണ് പ്രധാന പേലോഡ്. ഇത് ജ്യോതിശാസ്ത്ര ഉത്ഭവത്തിന്റെ 8-30 കെഇവി യൂണിറ്റ് ഫോട്ടോണുകളുടെ ഇടത്തരം എക്‌സ്-റേ ഊര്‍ജ ശ്രേണിയിലെ പോളാരിമെട്രി പാരാമീറ്ററുകള്‍ (ധ്രുവീകരണത്തിന്റെ ഡിഗ്രിയും കോണും) അളക്കും. എക്സ്എസ്പെക്റ്റ് ((എക്സ്-റേ സ്പെക്ട്രോസ്‌കോപ്പി ആന്‍ഡ് ടൈമിങ്) ആണ് രണ്ടാമത്തെ പേലോഡ്. ഇത് 0.8-15 കെവി ഊര്‍ജശ്രേണിയിലുള്ള സ്പെക്ട്രോസ്‌കോപ്പിക് വിവരങ്ങള്‍ നല്‍കും.
ബ്ലാക്ക്‌ഹോള്‍ ,ന്യട്രോണ്‍ നക്ഷത്രങ്ങള്‍ ,ഗാലക്‌സി ന്യൂക്ലിയസ്,പള്‍സാര്‍ വിന്‍ഡ് നെബലുകള്‍ തുടങ്ങി വിവിധ ജ്യോതിശാസ്ത്ര സ്രോതസുകളില്‍ നിന്നുള്ള ഉദ്വമന പ്രക്രിയകള്‍ മനസ്സിലാക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ ഈ പ്രക്രിയകള്‍ മനസിലാക്കുന്നതിനുള്ള ഒരു ഡയഗ്നോസ്റ്റിക് ഉപകരണം കൂടിയാണിത്.
Discussion about this post