ശ്രീനഗർ : തീവ്രവാദ ഭീഷണിയുടെ നിഴലൊഴിഞ്ഞതോടെ പുതുവർഷത്തെ ആഘോഷപൂർവം വരവേറ്റ് കശ്മീർ. ശ്രീനഗറിലെ ലാൽ ചൗക്കിൽ നിരവധി പേരാണ് പുതുവത്സരാഘോഷത്തിന് ഒത്തുചേർന്നത്. ജമ്മു കശ്മീരിലെ ടൂറിസം വകുപ്പ് ശ്രീനഗറിലെ ക്ലോക്ക് ടവർ പ്രദേശത്ത് സംഗീത നിശ സംഘടിപ്പിച്ചു. വിനോദ സഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ പുതുവത്സര പരിപാടിയിൽ പങ്കെടുക്കാൻ ക്ലോക്ക് ടവർ പരിസരത്ത് എത്തിയിരുന്നു.
‘കശ്മീരിലെ ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതാണ്. ഇതുവരെ ഇത്തരത്തിലൊരു ആഘോഷം ഇവിടെ, പ്രത്യേകിച്ച് ലാൽ ചൗക്കിൽ ഉണ്ടായിട്ടില്ല. വളരെ സന്തോഷവും ആവേശവും തോന്നുന്നു’- പ്രദേശവാസിയായ മുഹമ്മദ് യാസിൻ പറഞ്ഞു.
‘ കശ്മീരിൽ പലതരത്തിലുള്ള പുതുവത്സര ആഘോഷങ്ങളും നടക്കാറുണ്ട്. എന്നാൽ, ലാൽ ചൗക്കിൽ ഇത്തരത്തിലൊരു ആഘോഷം നടക്കുന്നത് ആദ്യമായാണ്. കേന്ദ്രം പറയുന്നതുപോലെ കശ്മീർ സമാധാനപൂർണമാകണം. എന്നാൽ, ഇത് താഴ്വരയിലെ ജനങ്ങൾ ഈ ആഘോഷങ്ങൾ എങ്ങനെ എടുക്കുന്നുവെന്നത് അനുസരിച്ചാണ്. നിങ്ങൾ കാണുന്നത് പോലെ ലാൽ ചൗക്ക് ഒരു വധുവിനെ പോലെ ഒരുങ്ങിയിരിക്കുന്നു’- പ്രദേശത്തെ മറ്റൊരു വ്യക്തി പറഞ്ഞു.
‘ഇതുവരെ കാണാത്ത നഗരം’ എന്നാണ് ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷ്ണറും ശ്രീനഗർ സ്മാർട്ട് സിറ്റിയുടെ സിഇഒയുമായ ആതർ അമീർ ഖാൻ പുതുവത്സര ആഘോഷത്തെ വിശേഷിപ്പിച്ചത്.
‘ഈ ശ്രീനഗർ, ലാൽ ചൗക്ക്, ഇതുവരെ കാണാത്ത നഗരമാണ്. ഈ ആഘോഷവും ആവേശവും ഇതിനു മുൻപ് ഉണ്ടായിട്ടില്ല’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ശ്രീനഗർ സ്മാർട്ട് സിറ്റി പ്രൊജക്ടിന് കീഴിൽ ലാൽ ചൗക്കിന് വലിയെലാരു മാറ്റമാണ് വന്നത്. ഇത് യാഥാർഥ്യമാക്കിയ ശ്രീനഗർ സ്മാർട്ട് സിറ്റിയെ കുറിച്ചും അതിന്റെ ടീമിനെ കുറച്ചും അഭിമാനം തോന്നുന്നു. പുതുവത്സരാശംസകൾ’- അദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു.
Discussion about this post