ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദ് തലവൻ മസൂദ് അസർ കൊല്ലപ്പെട്ടതായി വിവരം. പുതുവത്സരത്തിൽ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ മസൂദ് അസർ കൊല്ലപ്പെട്ടതായാണ് വിവരം. മസ്ജിദിലെ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെ ബോംബ് സ്‌ഫോടനത്തിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അസ്ഹർ ബഹവൽപൂർ മസ്ജ്ദിലെ പതിവ് പ്രാർത്ഥനയ്‌ക്കെത്തിയതായിരുന്നു ഇന്ത്യ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ മൗലാന മസൂദ് അസ്ഹർ. എന്നാൽ അജ്ഞാതരായ ആയുധധാരികൾ സ്ഫോടനം നടത്തുകയായിരുന്നു. നേരത്തെ ഇയാൾക്ക് കടുത്ത വൃക്കരോഗമാണെന്നും മരണപ്പെട്ടതായും മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്തായാലും മസൂദ് അസറിന്റെ മരണവാർത്ത പാകിസ്താൻ സ്ഥിരീകരിച്ചിട്ടില്ല.
1968ൽ പാകിസ്താനിലെ ബഹാവൽപ്പൂരിലാണ് മസൂദിന്റെ ജനനം. 1994 ജനുവരിയിലാണ് പോർച്ചുഗീസ് പാസ്‌പോർട്ടിന്റെ മറവിൽ അസ്ഹർ ഇന്ത്യയിലെത്തിയത്. കശ്മീർ കേന്ദ്രമായി ഹർക്കത്തുൾ മുജാഹിദ്ദീൻ എന്ന നിരോധിത സംഘടനയായിലായിരുന്നു പ്രവർത്തനം. കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്നതിന് ബ്രിട്ടൻ, ഗൾഫ്, ആഫ്രിക്കൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും ഫണ്ട് ശേഖരണം നടത്തുകയും ചെയ്തു
ഫെബ്രുവരിയിൽ ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ കശ്മീരിൽവെച്ച് ഇയാൾ സൈന്യത്തിന്റെ പിടിയിലായി. എന്നാൽ അസ്ഹർ ഒരു മാദ്ധ്യമപ്രവർത്തകനാണെന്നും വെറുതേ വിടണമെന്നും പാകിസ്താൻ നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ വഴങ്ങിയില്ല. തുടർന്ന് ആറ് വർഷത്തോളം ഇയാൾ ഇന്ത്യൻ ജയിലിലായിരുന്നു. എന്നാൽ 1999 ഡിസംബറിൽ ഐസി 814 കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് 189 യാത്രക്കാരുമായി പോവുകയായിരുന്നു ഇന്ത്യൻ എയർലൈൻസ് വിമാനത്തെ തീവ്രവാദികൾ യാത്രാമധ്യേ റാഞ്ചി. ഇന്ത്യൻ ജയിലിൽ കഴിയുന്ന മസൂദ് അസ്ഹറിന്റെ മോചനമായിരുന്നു സ്വാഭാവികമായും അവരുടെ ആവശ്യവും.പല അനുരഞ്ജനശ്രമങ്ങൾ നടത്തിയിട്ടും ഒടുവിൽ ഇന്ത്യക്ക് സ്വന്തം പൗരന്മാരെ രക്ഷിക്കാനായി തീവ്രവാദികളെ മോചിപ്പിക്കേണ്ടി വന്നു. അങ്ങനെ മോചനം നേടി പാകിസ്താനിലെത്തിയ അസ്ഹർ കറാച്ചിയിലെ മസ്ജിദിന് മുന്നിൽ ഇന്ത്യയേയും അമേരിക്കയേയും നശിപ്പിക്കാൻ അവിടെക്കൂടിയ വലിയ ജനക്കൂട്ടത്താട് ആഹ്വാനം ചെയ്യുകയായിരുന്നു.
പിന്നീട് 2000 ൽ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനക്ക് രൂപം നൽകി. 2001 ലായിരുന്നു ജെയ്‌ഷെമുഹമ്മദ് തങ്ങളുടെ ആദ്യത്തെ ആക്രമണം ഇന്ത്യൻ മണ്ണിൽ നടത്തിയത്. ഒരു വർഷം തന്നെ രണ്ട് ഭീകരാക്രമണങ്ങൾ ഭീകരർ ഇന്ത്യയിൽ നടത്തി.. ഒക്ടോബറിൽ കശ്മീർ നിയമസഭക്ക് നേരേയും ഡിസംബറിൽ ഇന്ത്യൻ പാർലമെന്റിനുനേരയുമായിരുന്നു ആ ആക്രമണങ്ങൾ. പിന്നീട് 2008 ൽ മുംബൈ ഭീകരാക്രമണത്തിലൂടെയും 2016 ലെ പത്താൻകോട്ട് ആക്രമണത്തിലൂടെയും അയാൾ തന്റെ ഭീകരപ്രവർത്തനങ്ങൾ തുടർന്നു. എന്നാൽ മസൂദ് അസ്ഹറിനെതിരേ നടപടി സ്വീകരിക്കാൻ ഒരിക്കൽ പോലും പാകിസ്താൻ തയാറായിട്ടില്ല. ഇത് പല സമയങ്ങളിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെ വഷളാക്കുകയാണ് ചെയ്തത്.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ശക്തമാക്കിയിരുന്നു. എന്നാൽ, ഇതിനുള്ള പ്രമേയം നാല് തവണ ചൈന തടഞ്ഞു. പാകിസ്താനാണ് ഇക്കാര്യത്തിൽ ചൈനയെ സ്വാധീനിച്ചിരുന്നത്. ഒടുവിൽ ഐക്യരാഷ്ട്ര രക്ഷാസമിതി ഇയാളെ ആഗോളഭീകരനാക്കി പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post