തിരുവനന്തപുരം: കണ്ണൂരിൽ തന്റെ കോലം കത്തിച്ച എസ്എഫ്ഐയ്ക്കെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിൽ അവർ എത്രയോ പേരെ കൊന്നിട്ടുണ്ട്. തൻറെ കോലം മാത്രമല്ലേ കത്തിച്ചിട്ടുള്ളൂ. അവർ അവരുടെ സംസ്കാരമാണ് കാണിക്കുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി. എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചതെന്നും ഗവർണർ വിമർശിച്ചു.
മുഖ്യമന്ത്രിയാണ് പ്രതിഷേധങ്ങൾക്ക് അനുമതി നൽക്കുന്നത്. അവരെന്തിനാണ് ഈ നാടകം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ആക്രമണം നടത്തിയവരെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ പങ്കാണ് സൂചിപ്പിക്കുന്നത്. എന്റെ കോലം മാത്രമേ കത്തിച്ചിട്ട് ഉള്ളു, പക്ഷേ കണ്ണൂരിൽ പലരെയും ജീവനോടെ കൊന്നിട്ടില്ലേ എന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.
കണ്ണൂർ പയ്യാമ്പലത്താണ് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ചത്. സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാന പ്രസിഡൻറ് അനുശ്രീ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെയാണ് കലാപശ്രമമടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തത്. കലാപശ്രമത്തിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമുൾപ്പെടെ നാല് വകുപ്പുകൾ ചേർത്താണ് ടൗൺ പോലീസ് കേസെടുത്തിരിക്കുന്നത്.എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് അനുശ്രീ, ജില്ലാ സെക്രട്ടറി സഞ്ജീവ്, പ്രസിഡൻറ്, വിഷ്ണു വിനോദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവ് ചന്ദ്രൻ ഉൾപ്പെടെയുളള നേതാക്കൾ പ്രതികളാണ്.
Discussion about this post