പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി തീർത്ഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കുകയില്ല. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രാണാതീതമായി വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസിന്റെ കൂടി നിർദേശം അംഗീകരിച്ചാണ് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
മകരവിളക്ക് ദർശിക്കാനായി ഭക്തർ മൂന്ന് ദിവസം മുൻപ് തന്നെ എത്തി വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുകയാണ് പതിവ്. ഈ സാഹചര്യത്തിൽ മകരവിളക്ക് ദിവസം കൂടുതൽ തീർത്ഥാടകർ കൂടി എത്തുന്നതോടെ ശബരിമലയിൽ തിരക്ക് നിയന്ത്രണാതീതമാകും. ഈ അവസ്ഥ ഒഴിവാക്കാനാണ് വരുന്ന 10 മുതൽ തന്നെ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത്. ശബരിമലയിലെത്തുന്ന അയ്യപ്പൻമാർക്ക് സുരക്ഷിത ദർശനം ഒരുക്കുന്നതാണ് ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. മകരവിളക്ക് ദിവസം തിരക്ക് വർദ്ധിക്കുന്നതിനാൽ കുട്ടികളും മാളികപ്പുറങ്ങളും ദർശനം ഒഴിവാക്കുകയാണ് നല്ലതെന്നും പി.എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.
14-ാം തീയതി 50000 പേർക്കാണ് വെർച്വൽ ബുക്കിംഗ് നടത്താനാകുക. എന്നാൽ, മകരവിളക്ക് ദിവസമായ 15ന് 40000 പേർക്ക് മാത്രമേ വെർച്വൽ ബുക്കിംഗ് നടത്താനാകൂ. 16 മുതൽ 20 വരെയുള്ള തിയതികളിൽ കൂടുതൽ തീർത്ഥാടകർക്ക് ദർശനത്തിനായി സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post