ന്യൂഡല്‍ഹി:പ്രധാനമന്ത്രിയുടെ തമിഴ്നാട്, ലക്ഷദ്വീപ്, കേരള സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തുന്ന മോദി പരിപാടികളില്‍ പങ്കെടുക്കുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നടത്തും. കോടികളുടെ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്നത്.
‘അടുത്ത രണ്ട് ദിവസങ്ങളില്‍, ഞാന്‍ തമിഴ്നാട്, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തറക്കല്ലിടുന്നത്. മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ശുദ്ധമായ കുടിവെള്ള വിതരണം, സൗരോര്‍ജ്ജം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്ന പദ്ധതികളാണ് വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നത് ‘എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് പ്രധാനമന്ത്രി പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ജനുവരി 2ന് തിരുച്ചിറപ്പള്ളിയിലെത്തുന്ന പ്രധാനമന്ത്രി ഭാരതിദാസന്‍ സര്‍വ്വകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും. വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനവും നിര്‍വഹിക്കും.സേലം-മാഗ്‌നസൈറ്റ് ജംഗ്ഷന്‍-ഓമല്ലൂര്‍-മേട്ടൂര്‍ അണക്കെട്ട് ഭാഗത്തിന്റെ 41.4 കിലോമീറ്റര്‍ ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെ നിരവധി റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. അഞ്ച് റോഡ് മേഖലയിലെ പദ്ധതികളും ഒരു റോഡ് വികസന പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
1150 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് മോദി ലക്ഷദ്വീപ് സന്ദര്‍ശന വേളയില്‍ തറക്കല്ലിടുന്നത്. മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ശുദ്ധമായ കുടിവെള്ള വിതരണം, സൗരോര്‍ജ്ജം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇതില്‍പ്പെടുന്നു. കൊച്ചി- ലക്ഷദ്വീപ് ദ്വീപുകളുടെ സബ്മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ (കെഎല്‍ഐ-എസ്ഒഎഫ്‌സി) പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.പ്രതിദിനം 1.5 ലക്ഷം ലിറ്റര്‍ ശുദ്ധമായ കുടിവെള്ളം ഉല്‍പ്പാദിപ്പിക്കുന്ന ലോ-ടെമ്പറേച്ചര്‍ തെര്‍മല്‍ ഡിസാലിനേഷന്‍ (എല്‍ടിടിഡി) പ്ലാന്റ്, അഗത്തി, മിനിക്കോയ് ദ്വീപുകളിലെ എല്ലാ വീടുകളിലും പ്രവര്‍ത്തനക്ഷമമായ ഹൗസ്‌ഹോള്‍ഡ് ടാപ്പ് കണക്ഷനുകള്‍ (എഫ്എച്ച്ടിസി) എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.ജനുവരി മൂന്നിന് പ്രധാനമന്ത്രി കേരളത്തിലെത്തും.
Discussion about this post