ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും വീണ്ടും ഒഴിഞ്ഞുമാറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഹാജരാകാൻ തയ്യാറല്ലെന്ന് കാട്ടി ഇഡിയ്ക്ക് കെജ്രിവാൾ രേഖാമൂലം മറുപടി നൽകി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്ന് ഹാജരാകാൻ ആയിരുന്നു കെജ്രിവാളിന് ഇഡി നൽകിയിരുന്ന നിർദ്ദേശം.
കേസിൽ ലഭിച്ച നോട്ടീസ് നിയമാനുസൃതം അല്ലെന്നാണ് കെജ്രിവാളിന്റെ മറുപടിയിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തോടും സഹകരിക്കാം. എന്നാൽ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് നിയമാനുസൃതം അല്ല. തന്റെ പ്രതിച്ഛായ തകർക്കുകയാണ് ലക്ഷ്യമെന്നും കെജ്രിവാൾ നൽകിയ നോട്ടീസിൽ പറയുന്നുണ്ട്.
കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയാണ് ഇഡിയുടെ ലക്ഷ്യമെന്ന് ആംആദ്മിയും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തുകയാണ് ലക്ഷ്യമെന്നും പാർട്ടി പ്രവർത്തകർ പറഞ്ഞു.
അതേസമയം കേസിൽ ഇത് മൂന്നാം തവണയാണ് കെജ്രിവാൾ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറുന്നത്. നവംബർ 2, ഡിസംബർ 21 എന്നീ തിയതികളിലും അദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.
Discussion about this post