തിരുവനന്തപുരം : സർക്കാർ തരാനുള്ള കുടിശ്ശികയിൽ നൂറുകോടി എങ്കിലും ഉടൻ അനുവദിച്ചില്ലെങ്കിൽ അടച്ചു പൂട്ടുക അല്ലാതെ വേറെ നിവൃത്തിയില്ലെന്ന് സപ്ലൈകോ. കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കാണിച്ച് സപ്ലൈകോ സംസ്ഥാന സർക്കാരിന് കത്ത് നൽകി. 1600 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാരിൽ നിന്നും സപ്ലൈകോക്ക് ലഭിക്കാനുള്ളത്.
കുടിശ്ശിക കൊടുക്കാത്തതിനാൽ കരാറുകാർ സാധനങ്ങൾ നൽകുന്നില്ലെന്ന് സപ്ലൈകോ കത്തിൽ വ്യക്തമാക്കി. അവശ്യസാധനങ്ങൾ ഇല്ലാതെ ആയത് സ്ഥാപനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തരാനുള്ള കുടിശികയിൽ 100 കോടി രൂപയെങ്കിലും ഉടൻ തന്നെ അനുവദിക്കണമെന്ന് കത്തിൽ സപ്ലൈകോ ആവശ്യമുന്നയിക്കുന്നു.
സപ്ലൈകോയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വലിയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. 800 കോടി രൂപയിൽ ഏറെയാണ് സപ്ലൈകോ കരാറുകാർക്ക് കുടിശ്ശികയായി നൽകാനുള്ളത്. ഈ തുകയും നെല്ല് സംഭരണത്തിൽ നൽകാനുള്ള തുകയും അടക്കം 1600 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാർ സപ്ലൈകോക്ക് കുടിശികയായി നൽകാനുള്ളത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സപ്ലൈകോ ഈ വർഷം ക്രിസ്മസ്-ന്യൂ ഇയർ വിപണി പോലും ഉപേക്ഷിച്ചിരുന്നു. നിലവിൽ തുറന്നു പ്രവർത്തിക്കുന്ന സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിൽ ഒന്നും തന്നെ അവശ്യസാധനങ്ങൾ ലഭിക്കാനില്ല. ധനവകുപ്പിനെ നിരവധിതവണ പ്രതിസന്ധി അറിയിച്ചിട്ടും യാതൊരു അനുകൂല നിലപാടും ഇതുവരെ എടുത്തില്ല. കരാറുകാർക്ക് നൽകാനുള്ള 800 കോടിയിൽ 100 കോടി രൂപയെങ്കിലും ഉടൻ നൽകിയില്ലെങ്കിൽ ഔട്ട്ലെറ്റുകൾ അടച്ചിടേണ്ടി വരുമെന്നും സപ്ലൈകോ സർക്കാരിനെ അറിയിച്ചു.
Discussion about this post