ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും മൂന്നാം തവണയും ഒഴിഞ്ഞുമാറിയ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. ആംആദ്മി പാർട്ടി നേതാവിന്റെ ഈ പ്രവർത്തി എന്തോ മറയ്ക്കാൻ വേണ്ടിയാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
‘ ഇന്ന് വീണ്ടും അരവിന്ദ് കെജ്‌രിവാൾ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറി. ഇത് മൂന്നാം തവണയാണ് കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്. എന്തോ മറയ്ക്കാനുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് കെജ്രിവാൾ ഒരു കുറ്റവാളിയെ പോലെ മുങ്ങി നടക്കുന്നത്’- ബിജെപി വക്താവ് പറഞ്ഞു. മനീഷ് സിസോദിയയ്ക്കും സഞ്ജയ് സിംഗിനും കോടതി ജാമ്യം നൽകിയിട്ടില്ല. പണമിടപാടുൃകൾ നടന്നിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അവർ ഇപ്പോഴും ഇരയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ ലഭിച്ച നോട്ടീസ് നിയമാനുസൃതം അല്ലെന്ന് പറഞ്ഞാണ് ഇത്തവണയും കെജ്രിവാൾ ചോദ്യം ചെയ്യലിനിന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചത്. ഇന്ന് ഹാജരാകാൻ നൽകിയ നോട്ടീസ് നിയമാനുസൃതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ പ്രതിച്ഛായ തകർക്കുകയാണ് ലക്ഷ്യമെന്നും കെജ്രിവാൾ നൽകിയ നോട്ടീസിൽ പറയുന്നുണ്ട്. അതേസമയം, കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയാണ് ഇഡിയുടെ ലക്ഷ്യമെന്ന് ആംആദ്മിയും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തുകയാണ് ലക്ഷ്യമെന്നും പാർട്ടി പ്രവർത്തകർ പറയുന്നു.
Discussion about this post