ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘന കേസുമായി ബന്ധപ്പെട്ട് പ്രതി നീലം ആസാദ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് തന്നെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതി ഹർജി നൽകിയത്. ഡിസംബർ 13നാണ് നീലം ആസാദിനെയും മറ്റ് പ്രതികളെയും പാർലമെന്റ് സുരക്ഷാ ലംഘന കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, മനോജ് ജെയിൻ എന്നവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്.
പ്രതികൾ നേരത്തെ തന്നെ വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അതിനാൽ തന്നെ ഹേബിയസ് കോർപ്പസ് നിലനൽക്കില്ലെന്ന് വ്യക്തമാക്കി. അറസ്റ്റിലായപ്പോൾ പ്രതിക്ക് നിയമോപദേശകനെ കാണാനുള്ള മൗലികാവകാശം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ഹർജി നൽകിയതെന്ന് നീലം ആസാദിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
തന്റെ അറസ്റ്റ് നിയമവിരുദ്ധവും ഭരണഘടനയുടെ ആർട്ടിക്കിൾ 22 (1) ന് വിരുദ്ധവുമാണെന്ന് പ്രതി കോടതിയെ അറിയിച്ചു. ഏതെങ്കിലും വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. എന്നാൽ, ഈ കേസിൽ സുപ്രീം കോടതി നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും അഭിഭാഷകൻ വാദിച്ചു.
Discussion about this post