കോട്ടയം: പ്രധാനമന്ത്രി വിളിച്ച വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിനെയുള്ള സജി ചെറിയാന്റെ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് വിളിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറസ് പറഞ്ഞു.
‘കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരായാലും മലങ്കര സഭ നല്ലബന്ധം നിലനിർത്തുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് വിളിച്ചാല്‍ ഇനിയും പങ്കെടുക്കും. അതാണ് മലങ്കരസഭയുടെ നിലപാട്. ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും. അതില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ല. ക്രിസ്ത്യാനികളെ മനസിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് പറഞ്ഞയാളുടെ കുഴപ്പമാണ്’- യൂഹാനോന്‍ മാര്‍ ദിയസ്കോറസ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെക്കുറിച്ച് സജി ചെറിയാൻ നടത്തിയ പരാമർശം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചില ബിഷപ്പുമാർക്ക് ബിജെപി നേതാക്കൾ വിളിച്ചതിൽ പ്രത്യേക രോമാഞ്ചമുണ്ട്. രോമാഞ്ചം കൂടി കുറച്ചുപേർ ഡൽഹിക്കു പോയി. കേക്കിന്റെ പീസും മുന്തിരിങ്ങയിട്ടു വാറ്റിയ സാധനവും കഴിച്ചു സ്തുതി പാടി പോന്നു. അവർ മണിപ്പുർ വിഷയം മറന്നു’ എന്നായിരുന്നു സജി ചെറിയാന്റെ പരാമർശം.
സംഭവം വിവാദമായതിന് പിന്നാലെ പ്രസംഗത്തിന് ന്യായീകരണവുമായി മന്ത്രിയെത്തി. എന്നാൽ, ബിഷപ്പുമാർക്ക് പ്രയാസമുണ്ടായത് എന്താണെന്ന് മനസിലായില്ലെന്നാണ് മന്ത്രി പറഞ്ഞത്. വീഞ്ഞും കേക്കും എന്നീ വാക്കുകളാകാം അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. എന്നാൽ, ആ വാക്കുകൾ മാത്രം പിൻവലിക്കാം. പക്ഷേ തന്റെ രാഷ്ട്രീയ പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
Discussion about this post