അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ഏവരും പൂജിക്കാനൊരുങ്ങുന്ന രാംലല്ല എങ്ങനെയെന്ന് കാണാനാകുക പ്രാണപ്രതിഷ്ഠക്ക് ശേഷം മാത്രം. പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22ന് 12.20 ശേഷം ഭക്തർക്ക് മുൻപിൽ ആ വിഗ്രഹം പ്രകടമാകും. ആ ദിവസം വരെ അതീവ രഹസ്യമായാണ് വിഗ്രഹം സൂക്ഷിക്കുക.
ഏകദേശം 500 വർഷങ്ങൾക്ക് ശേഷമാണ് അയോദ്ധ്യയുടെ നാഥനായി രാമൻ തന്റെ യഥാർത്ഥ സ്ഥാനത്ത് ഇരിക്കാനൊരുങ്ങുന്നത്. ഇതിന് മുൻപ് ആരും തന്നെ രാമന്റെ മുഖം കാണില്ലെന്ന് അധികൃതർ പറയുന്നു. രാമക്ഷേത്രത്തിലേക്കായി നിർമിച്ച മൂന്ന് വിഗ്രഹങ്ങളുടെയും വീഡിയോകളോ ചിത്രങ്ങളോ ലഭ്യമല്ല.
ചടങ്ങിന്റെ ഏകദേശ ധാരണ മാത്രമാണ് ഇതുവരെ തയ്യാറായിട്ടുള്ളത്. കൂടുതൽ വിശദമായ കാര്യങ്ങൾ പിന്നീട് മാത്രമാണ് തയ്യാറാകുക എന്നും രാമക്ഷേത്ര ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾക്കും തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള ക്രമീകരണങ്ങൾക്കും പ്രദേശിക നേതാക്കൾ നേതൃത്വം നൽകും. നിർമാണ പ്രവർത്തനങ്ങളും ആ സമയമാകുമ്പോഴേക്കും പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരക്ക് ഒഴിവാക്കാനായി അതിരാവിലെ നഗര പ്രദക്ഷിണം നടത്തുന്നതാണ് അഭികാമ്യമെന്ന് മറ്റൊരു ക്ഷേത്ര ട്രസ്റ്റ് അംഗം വ്യക്തമാക്കി. നഗരപ്രദക്ഷിണത്തിനായി തിരഞ്ഞെടുക്കപ്പെട്ട വിഗ്രഹം കൊണ്ടു പോകുന്നുണ്ടെങ്കിൽ, ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് ഒഴിവാക്കാനായി രഥത്തിന്റെ മൂന്ന് വശത്തു നിന്നുമായി സുരക്ഷാ വാഹനങ്ങൾ സജീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post