കോട്ടയം : ഗോവയിൽ പുതുവത്സരം ആഘോഷിക്കാനായി പോയ ശേഷം കാണാതായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുതുവത്സരാഘോഷങ്ങൾ നടന്നിരുന്ന ബീച്ചിന് സമീപത്തു നിന്നും അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം വൈക്കം മറവൻതുരുത്ത് കടൂക്കരയില്‍ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകനായ 19 വയസ്സുകാരൻ സഞ്ജയ് ആണ് മരണപ്പെട്ടത്.
ഡിസംബർ 29ന് ആയിരുന്നു പുതുവത്സരം ആഘോഷിക്കാനായി കൂട്ടുകാരോടൊപ്പം സഞ്ജയ് ഗോവയിലേക്ക് യാത്രതിരിച്ചത്. 30ന് ഗോവയിൽ എത്തിയ ഇവർ നേരത്തെ ബുക്ക് ചെയ്ത പ്രകാരം വാ കത്തൂർ ബീച്ചിലായിരുന്നു പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നത്. ആഘോഷങ്ങൾക്കിടയിൽ ബീച്ചിൽ വെച്ച് സഞ്ജയ് കൂട്ടം തെറ്റിപ്പോയെന്നും പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണ് സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്.
സംഭവം നടന്ന ഉടൻ തന്നെ ഗോവ പോലീസിനെ വിവരമറിയിച്ചിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല എന്നാണ് മരണപ്പെട്ട സഞ്ജയിന്റെ സുഹൃത്തുക്കൾ അറിയിക്കുന്നത്. പിന്നീട് സഞ്ജയിന്റെ കുടുംബം തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനായി തലയോലപ്പറമ്പ് പോലീസും സഞ്ജയിന്റെ കുടുംബവും ഗോവയിൽ എത്തിയിരുന്നു. തുടർന്ന് ഗോവയിലെ മലയാളി കൂട്ടായ്മകളും ഗോവ പോലീസും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സഞ്ജയിന്റെ മൃതദേഹം അഴുകിയ നിലയിൽ ബീച്ച് പരിസരത്തു നിന്നും കണ്ടെത്തിയത്.
Discussion about this post