ന്യൂഡൽഹി: യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹ്‌ലാൻ മോദി എന്ന പേരിൽ അബുദാബിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി ഇന്ത്യക്കാരെ കാണുന്നത്. അടുത്ത മാസം അബുദാബിയിലെ ബാപ്‌സ് (ബിഎപിഎസ്) ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി അദ്ദേഹം യുഎഇയിൽ എത്തുന്നുണ്ട്. ഇതിന് മുന്നോടി ആയിട്ടാണ് ഇന്ത്യൻ സമൂഹത്തെ കാണുന്നത്.
അടുത്ത മാസം 14 നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. 13 നാണ് അഹ്‌ലാൻ മോദി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ 50,000ത്തിലധികം ഇന്ത്യക്കാർ പങ്കെടുക്കും എന്നാണ് സൂചന.ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അഹ്‌ലാൻ മോദി സംഘടിപ്പിക്കാൻ തീരുമാനം ആയത്.
ബാപ്‌സ് സംഘടനയുടെ പ്രതിനിധികൾ ഡൽഹിയിൽ നേരിട്ട് എത്തിയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയായിരുന്നു ക്ഷണം. അപ്പോൾ തന്നെ ഉദ്ഘാടനത്തിനായി എത്താമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകുകയായിരുന്നു. ഇതിന് മുൻപ് കഴിഞ്ഞ വർഷം നവംബറിൽ കോപ്28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചത്.
Discussion about this post