തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂർ സന്ദർശിച്ചു എന്ന് കരുതി കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന നമ്മൾ എപ്പോഴും കാണുകയും കേൾക്കുകയും ചെയ്യുന്നതാണല്ലോ എന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. ആ അവസരത്തിൽ പ്രധാനമന്ത്രിയുടെ തൃശ്ശൂർ സന്ദർശനം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള എന്തെങ്കിലും സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജയരാജൻ അറിയിച്ചു.
“കഴിഞ്ഞ കാലങ്ങളിൽ ഉള്ളതിനേക്കാൾ കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ച് കേരളത്തെ തകർക്കാനുള്ള കേന്ദ്രത്തിന്റെ നിലപാട് നാട്ടിലാകെ ചർച്ചാവിഷയമാണ്. കേന്ദ്രം കേരളത്തിന് നൽകാനുള്ള അർഹമായ വിഹിതം 65,000 കോടിക്ക് മുകളിലാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ആർഎസ്എസ് കൂട്ടങ്ങൾ ശ്രമിക്കുന്നത് ” എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
“കേന്ദ്രസർക്കാർ സംസ്ഥാനങ്ങളിൽ നിന്നും ഒരു രൂപ പിരിക്കുമ്പോൾ ഉത്തർപ്രദേശിന് 80 പൈസയും ബീഹാറിന് 96 പൈസയും കർണാടകക്ക് 49 പൈസയും ആണ് നൽകുന്നത്. എന്നാൽ കേരളത്തിന് നൽകുന്നത് വെറും 25 പൈസ മാത്രമാണ്. കേരളത്തിലെ ജനങ്ങൾ നൽകുന്ന നികുതിയിൽ കേരളത്തിന് അർഹമായ വിഹിതം തടഞ്ഞു വെക്കുന്നത് ന്യായീകരിക്കാനാകുമോ? കേന്ദ്രസർക്കാർ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും തുല്യമായാണ് കാണേണ്ടത്” എന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.
Discussion about this post