ന്യൂഡൽഹി : ഖത്തറിൽ ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷയിൽ അപ്പീൽ നൽകുന്നതിനായി ഖത്തർ കോടതി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം എല്ലാ ആഴ്ചകളിലും നടത്തുന്ന വാർത്താസമ്മേളനത്തിൽ വച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് അപ്പീലിനായി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുള്ളതായി വ്യക്തമാക്കിയത്.
ഡിസംബർ 28 നാണ് ഖത്തർ കോടതി ജയിലിൽ കഴിയുന്ന 8 മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ ഇളവ് ചെയ്യുകയും പകരം വ്യത്യസ്തമായ ജയിൽ ശിക്ഷകൾ നൽകുകയും ചെയ്തത്. വധശിക്ഷ റദ്ദാക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തപ്പെടുന്നത്. രഹസ്യരേഖയായ കോടതി ഉത്തരവിന്റെ പകർപ്പ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട് എന്ന് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
കഴിഞ്ഞവർഷം ഒക്‌ടോബർ 26ന് ആയിരുന്നു ഖത്തറിലെ വിചാരണക്കോടതി തടവിലായിരുന്ന മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളായ 8 പേർക്ക് വധശിക്ഷ വിധിച്ചിരുന്നത്. ഖത്തറിന്റെ സായുധസേനക്കും സുരക്ഷാ ഏജൻസികൾക്കും പരിശീലനവും മറ്റും നൽകുന്ന സ്വകാര്യ സ്ഥാപനമായ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജി സിലെ ജീവനക്കാരായിരുന്നു ഈ മുൻ നാവിക സേനാംഗങ്ങൾ.
കേസിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തടവിലാക്കപ്പെട്ട നാവികസേന അംഗങ്ങൾക്കും കുടുംബങ്ങൾക്കും ഒപ്പം നിന്നതായി എംഇഎ വക്താവ് അറിയിച്ചു. വധശിക്ഷ റദ്ദാക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമാണ്. ഇനിയും തടവിൽ കഴിയുന്നവർക്ക് ആവശ്യമായ നിയമസഹായങ്ങളും കോൺസുലർ സഹായങ്ങളും നൽകുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.
Discussion about this post