ന്യൂഡൽഹി: നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഏഴാമത് ഇന്ത്യ- നേപ്പാൾ സംയുക്ത സമിതി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ലോകപ്രശസ്തമായ പശുപതിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
രാവിലെയോടെയായിരുന്നു അദ്ദേഹം പശുപതിനാഥ് ക്ഷേത്രത്തിൽ എത്തിയത്. നേപ്പാളിലെ പ്രതിനിധികളും അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് അനുഗമിച്ചു. ക്ഷേത്രത്തിൽ വിവിധ പൂജകളിൽ അദ്ദേഹം പങ്കെടുത്തു. ക്ഷേത്ര ദർശനത്തിന്റെ വിവരം ജയ്ശങ്കർ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ക്ഷേത്രത്തിന് മുൻപിൽ നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങാൻ സാധിച്ചതായി ജയ്ശങ്കർ ട്വീറ്റ് ചെയ്തു. നേപ്പാളിലെയും ഇന്ത്യയിലെയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം എല്ലായ്‌പ്പോഴും ഇതുപോലെ തുടരണമെന്നും പ്രാർത്ഥിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ജയ്ശങ്കർ യോഗത്തിൽ പങ്കെടുക്കാനായി നേപ്പാളിൽ എത്തിയത്. വ്യാഴാഴ്ച നടന്ന യോഗത്തിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതുൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രതിരോധം, സുരക്ഷ, ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്ന പദ്ധതികളും ചർച്ച ചെയ്തു.
Discussion about this post