ന്യൂഡൽഹി : സ്വാതി മലിവാളിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാൻ ആം ആദ്മി പാർട്ടി തീരുമാനം. സുശീൽ കുമാർ ഗുപ്തയ്ക്ക് പകരമാണ് സ്വാതിയെ രാജ്യസഭാ സ്ഥാനാർത്ഥി ആക്കുന്നത്. ഹരിയാന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സുശീൽ കുമാർ പ്രാദേശിക രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനാലാണ് അദ്ദേഹത്തിന് പകരമായി സ്വാതിയെ രാജ്യസഭയിലേക്ക് അയക്കാൻ തീരുമാനിച്ചതെന്ന് എഎപി വ്യക്തമാക്കി.
നിലവിൽ ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആണ് സ്വാതി മലിവാൾ. ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിനെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുമെന്നാണ് സൂചന. ജയിലിൽ നിന്നും സഞ്ജയ് സിംഗ് നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. സഞ്ജയ് സിങ്ങിനെ കൂടാതെ എൻ ഡി ഗുപ്തയെയും ആം ആദ്മി പാർട്ടി രണ്ടാം തവണ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്.
രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രികയിൽ ഒപ്പിടാനും അതിന്റെ അനുബന്ധ രേഖകൾ രാജ്യസഭാ റിട്ടേണിംഗ് ഓഫീസർക്ക് മുന്നിൽ ഹാജരാക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് കോടതിയെ സമീപിച്ചിട്ടുണ്ട്. സഞ്ജയ് സിംഗിന്റെ ഈ ആവശ്യത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർത്തിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. എന്നാൽ സഞ്ജയ് സിംഗ് ഇതിനായി ജയിലിൽ നിന്നും പുറത്തു വരേണ്ട ആവശ്യമില്ല എന്നും ജയിലിൽ വച്ചുതന്നെ വിരലടയാളം നൽകി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ആവുന്നതാണെന്നും കോടതി അറിയിച്ചു.
Discussion about this post