കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ സ്തുതിപാഠകരുടെ ഇടയിലാണ്. ഇതു കേട്ട് മയങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയെന്നും വി.ഡി സതീശൻ പരിഹസിച്ചു.
പി. ജയരാജനേക്കുറിച്ച് പാട്ടുവന്നപ്പോൾ വിമർശിച്ച പാർട്ടിയുടെ സെക്രടറി ഇപ്പോൾ പിണറായി സൂര്യനാണെന്ന് പറയുന്നു. അടുത്തേക്ക് പോയാൽ കരിഞ്ഞു പോകും. ഇനി കരിഞ്ഞില്ലെങ്കിൽ വീട്ടിലേക്ക് ഇന്നോവ കാറയക്കും. 58 വെട്ടുവെട്ടി കരിയിച്ചുകളയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്തുതി പാഠകരുടെ ഇടയിൽപ്പെട്ട എല്ലാ ഭരണാധികരികൾക്കും പറ്റിയതുതന്നെ പിണറായിക്കും പറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു എന്ന സിപിഎം ആരോപണം പച്ചക്കള്ളമാണെന്ന് പോലീസ് തന്നെ റിപ്പോർട്ട് നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ അസത്യ പ്രചരണം നടത്തിയ സിപിഎമ്മിനും ദേശാഭിമാനിക്കുമെതിരെ നിയമപോരാട്ടത്തിന് വേണ്ട പിന്തുണ അൻസിൽ ജലീലിന് നൽകും. ഒരു വിദ്യാർത്ഥിക്ക് നേരെ നടന്നത് ക്രൂരമായ വേട്ടയാടലാണ്. അദ്ദേഹത്തിന് സി.പി.എമ്മും ദേശാഭിമാനിയും നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സംസ്ഥാനത്ത് എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നുക്ഷാമം രൂക്ഷമാണ്. 75 ശതമാനം മരുന്നുകൾ ഇവിടെ ലഭ്യമല്ല. 1500 കോടി കുടിശികയുള്ള സപ്ലൈകോയുടെ അതേ അവസ്ഥയിലാണു കെഎംഎസ്‌സിഎല്ലും. മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കുന്നില്ല. ഇതൊന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അറിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post