തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വരും മണിക്കൂറുകളിൽ മഴ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് നിലവിൽ സംസ്ഥാനത്ത് മഴയ്ക്ക് കാരണം ആകുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വരും ദിവസങ്ങളിലും മഴ തുടരും. അതിനാൽ നാളെയും ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മുന്നറിയിപ്പ് ഇല്ലെങ്കിലും മറ്റ് ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചക്രവാതച്ചുഴിയ്ക്ക് പുറമേ കൊങ്കൺ മേഖലയിൽ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതും മഴയ്ക്ക് കാരണം ആണ്.
Discussion about this post