ന്യൂഡൽഹി: ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒരാൾ ഡൽഹി പോലീസിന്റെ പിടിയിൽ. സംഘത്തിലെ ഷൂട്ടർമാരിലൊരാളെയാണ് ഡൽഹിയിലെ രോഹിണി പ്രദേശത്ത് നിന്നും പിടികൂടിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു. 18കാരനായ പ്രദീപ് സിംഗ് ആണ് അറസ്റ്റിലായത്. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ സ്വദേശിയാണ് ഇയാൾ. ഒരു തോക്ക്, 9 വെടിയുണ്ടകൾ എന്നിവ ഇയാളിൽ നിന്നും കണ്ടെത്തി.
ഗുണ്ടാ തലവനായ വീരേന്ദർ പർദാപ് ഏലിയാസ് കാലയാണ് പ്രദീപ് സിംഗിനെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും ഗുണ്ടാ സംഘത്തിലേക്ക് ചേർക്കുകയും ചെയ്തത്. രോഹിണിയിലെ സെക്ടർ 23ലെ ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാന അംഗവും ഷാർപ് ഷൂട്ടറുമായ പ്രദീപ് സിംഗിനെ കുറിച്ച് സ്‌പെഷ്യൽ കമ്മീഷണർ എച്ച്ജിഎസ് ധലിവാളിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രോഹിണിയിൽ നിന്നും പ്രതിയെ പിടികൂടുന്നത്.
ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ സ്വദേശിയാണ് സിംഗ്, 2022ലാണ് പഠനം ഉപേക്ഷിച്ച് ഹരിയാനയിലെ ഗുരുഗ്രാമിൽ സുഹൃത്തിനൊപ്പം താമസത്തിനെത്തിയത്. ഇവിടെ വച്ച് ഗുണ്ടാ നേതാവായ വീരേന്ദർ പ്രതാപ് എന്ന കാല റാണയുടെ ഇൻസ്റ്റഗ്രാം റീലുകൾ കണ്ട് പ്രചോദനം ഉൾക്കൊള്ളുകയായിരുന്നു. 2023 ഓഗസ്റ്റിൽ സിംഗ് കാല റാണയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരാൻ തുടങ്ങി. പ്രശസ്തിക്കായി തന്റെ സംഘത്തിൽ ചേരാൻ തയ്യാറാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് സന്ദേശങ്ങൾ അയച്ചു. അതിനുശേഷം, 2023 സെപ്റ്റംബറിൽ, കാല റാണയുടെ നിർദ്ദേശപ്രകാരം സിഗ്നൽ ആപ്പ് വഴി ഭാനു റാണയുമായി ആശയവിനിമയം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് ഭാനു റാണയുടെ നിർദേശപ്രകാരമാണ് ഇയാൾ ഡൽഹി കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയത്.
Discussion about this post