ഭോപ്പാൽ: ഭോപ്പാലിലെ അനധികൃതമായി നടത്തിവന്നിരുന്ന ഷെൽട്ടർ ഹോമിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി.ഗുജറാത്ത്, ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പെൺകുട്ടികളെയാണ് ഭോപ്പാലിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായത്.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനുങ്കോ ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള പർവാലിയ ഏരിയയിലെ അഞ്ചൽ ഗേൾസ് ഹോസ്റ്റലിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഷെൽട്ടർ ഹോമിന്റെ റജിസ്റ്റർ പരിശോധിച്ചപ്പോൾ അതിൽ 68 പെൺകുട്ടികളുടെ പേരുണ്ടായിരുന്നുവെങ്കിലും 26 പേരെ കാണാനില്ലെന്ന് കനുങ്കോ കണ്ടെത്തി.
കാണാതായ പെൺകുട്ടികളെ കുറിച്ച് ഷെൽട്ടർ ഹോം ഡയറക്ടർ അനിൽ മാത്യുവിനെ ചോദ്യം ചെയ്തപ്പോൾ തൃപ്തികരമായ മറുപടി നൽകിയില്ല. സംഭവത്തിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. മിഷനറി നിയമവിരുദ്ധമായി നടത്തിവന്നിരുന്ന ചിൽഡ്രൻസ് ഹോമിൽ നിന്ന് നിരവധി ക്രമക്കേടുകള് കണ്ടെത്തിയതായി എഫ് ഐആറില് പറയുന്നു. കുട്ടികളെ നിർബന്ധിതമായി ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയതായി എൻസിപിആർ ചെയർമാൻ ആരോപിച്ചു. ചിൽഡ്രൻസ് ഹോമിൽ വിവിധ മതങ്ങളിൽപ്പെട്ട പെൺകുട്ടികൾ ഉണ്ടായിരുന്നതായും എന്നാൽ, അവരെ ഒരു മതത്തെ മാത്രം ആരാധിക്കാൻ പ്രേരിപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു.
Discussion about this post