പത്തനംതിട്ട : ശബരിമല നിലക്കലിൽ നിന്നും കണ്ടെത്തിയ വയോധികന്റെ മൃതദേഹം സംസ്കരിച്ചത് ആളുമാറി. മഞ്ഞത്തോട് വനവാസി ഊരിലെ രാമൻ എന്നയാളാണെന്ന് കരുതിയാണ് നിലയ്ക്കലിൽ നിന്നും കണ്ടെത്തിയ മൃതദേഹം സംസ്കരിച്ചിരുന്നത്. രാമനെ ഇന്ന് ജീവനോടെ കണ്ടെത്തിയതോടെയാണ് മൃതദേഹം ആളുമാറി സംസ്കരിച്ച വിവരം മനസ്സിലാക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് നിലയ്ക്കലിൽ നിന്നും കണ്ടെത്തിയ മൃതദേഹം രാമന്റേതാണെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നത്. കണ്ടെത്തിയ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെച്ച രാമന്റെ മകൻ മൃതദേഹം രാമന്റേതാണെന്ന് സ്ഥിരീകരിച്ചിതിനാൽ ആണ് കണ്ടെത്തിയ മൃതദേഹം രാമന്റെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
ലഭിച്ച മൃതദേഹം രാമന്റെ ബന്ധുക്കൾ യഥാവിധി സംസ്കരിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുശേഷം ഇന്ന് കൊക്കത്തോട് വെച്ച് രാമനെ ജീവനോടെ കണ്ടെത്തിയപ്പോഴാണ് മൃതദേഹം ആളുമാറി സംസ്കരിച്ചതായി മനസ്സിലാക്കിയത്. ഊരിലെത്തിച്ച് രാമനെ അതി വൈകാരികമായാണ് ബന്ധുക്കളും കുടുംബവും സ്വീകരിച്ചത്. രാമന്റെ കുടുംബത്തിനും ബന്ധുക്കൾക്കും സന്തോഷമായെങ്കിലും സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് അറിയാനാവാതെ അങ്കലാപ്പിലാണ് ഇപ്പോൾ പോലീസ്.
Discussion about this post