ഇടുക്കി : വസ്തുവിൽപനയുടെ പേരിൽ 1.15 കോടി രൂപ തട്ടിയെടുത്തെന്ന ചേട്ടന്റെ പരാതിയെത്തുടർന്ന് അനിയൻ അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴിയിൽ ആണ് സംഭവം. കഞ്ഞിക്കുഴി സ്വദേശിയായ കല്ലിങ്കൽ ബിനു പോളാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇയാളുടെ സഹോദരനും അമേരിക്കൻ മലയാളിയുമായ ബിജു പോൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
കഴിഞ്ഞവർഷം ജൂണിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. അമേരിക്കയിൽ ജോലി ചെയ്തു വരികയായിരുന്നു ബിജു പോളിന് നാട്ടിൽ മൂന്നര ഏക്കർ സ്ഥലം വാങ്ങി നൽകാനായാണ് അനിയൻ ബിനു പോൾ പണം കൈപ്പറ്റിയത്. അമേരിക്കയിൽ നിന്നും ബിജു പോൾ നാട്ടിലെ അമ്മയുടെ അക്കൗണ്ടിലേക്ക് ആണ് പണം നിക്ഷേപിച്ചിരുന്നത്.
രണ്ടു വ്യക്തികളിൽ നിന്നായാണ് ബിനു പോൾ സ്ഥലം വാങ്ങിയത്. 55 ലക്ഷം രൂപയ്ക്കാണ് ഇയാൾ ഇവരിൽ നിന്നും സ്ഥലം വാങ്ങിയത്. എന്നാൽ സ്ഥലത്തിന് ഒരു കോടി 15 ലക്ഷം രൂപ വന്നെന്ന് സഹോദരനെ വിശ്വസിപ്പിച്ച് ആ പണം ഇയാൾ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ബിജു ഇപ്പോൾ നാട്ടിലെത്തി സ്ഥലം കണ്ട് പരിശോധിച്ചതോടെയാണ് പട്ടയം ഇല്ലാത്ത സ്ഥലം ആണെന്ന് മനസ്സിലായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരന്റെ തട്ടിപ്പ് പുറത്തായത്.
Discussion about this post