അഹമ്മദാബാദ്: ഗുജറാത്ത് നാടോടി ഗായിക ഗീതാബെൻ റബേരിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമ ഭഗവാനെ സ്തുതിച്ചുകൊണ്ട് ഗീതാബെൻ പാടിയ ശ്രീ രാം ഘർ ആയെ എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായിട്ടാണ് ഗീതാബെന്നിന്റെ ആലാപനത്തിൽ ഗാനം പുറത്തിറങ്ങിയത്.
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പാട്ട് താനുമായി ഏറെ വൈകാരികമായി ബന്ധപ്പെട്ട് കിടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അയോദ്ധ്യയിലേക്ക് രാംലല്ല എത്തുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. രാജ്യമെമ്പാടുമുള്ള തന്റെ കുടുംബാംഗങ്ങൾ പ്രാണപ്രതിഷ്ഠയ്ക്കായി കാത്തിരിക്കുകയാണ്. ഇതിനിടെ ഗീതാബെൻ ആലപിച്ച ഭജന ഭഗവാനെ സ്വീകരിക്കാൻ ഏറ്റവും അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാനത്തിന്റെ യൂട്യൂബ് ലിങ്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ജനുവരി ഒന്നിനാണ് ശ്രീ രാം ഘർ ആയെ എന്ന ഗാനം യൂട്യൂബിലൂടെ പുറത്തുവിട്ടത്. സുനിത ജോഷിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. മൗലിക് മേത്ത ഈണം നൽകിയ ഗാനം ഇതിനോടകം തന്നെ ആറ് ലക്ഷം പേരാണ് കണ്ടത്.
Discussion about this post