സോൾ : ദക്ഷിണ കൊറിയയുടെ അതിർത്തി ദ്വീപായ യോൺപിയോങ്ങിന് സമീപത്തായി പീരങ്കി വിക്ഷേപണ പരീക്ഷണങ്ങൾ നടത്തി ഉത്തര കൊറിയ. ഉത്തരകൊറിയയുടെ ഈ ആയുധ വിക്ഷേപണ പരീക്ഷണങ്ങളുടെ ഭാഗമായി ദ്വീപിലെ നിരവധി വീടുകൾക്കും മതിലുകൾക്കും കേടുപാടുകൾ സംഭവിച്ചു. ജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്ന് ദക്ഷിണ കൊറിയ യോൺപിയോങ് ദ്വീപ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.
ദക്ഷിണ കൊറിയയും ഉത്തരകൊറിയയും തമ്മിൽ
തർക്കമുള്ള സമുദ്ര അതിർത്തിക്ക് സമീപമാണ് ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങൾ നടത്തുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഉത്തരകൊറിയ ഇത്തരത്തിൽ പ്രകോപനം സൃഷ്ടിക്കുന്നത്. യോൺപിയോങ് ദ്വീപിന് സമീപം ഉത്തര കൊറിയൻ സേന 60 ലധികം പീരങ്കി വെടിവയ്പ്പ് നടത്തിയതായി ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു.
ദക്ഷിണ കൊറിയയുടെ ഈ വാദം തള്ളിക്കൊണ്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി രംഗത്ത് വന്നിരുന്നു. “ഞങ്ങളുടെ സൈന്യം ഒരു ഷെൽ പോലും ജലമേഖലയിലേക്ക് തൊടുത്തിട്ടില്ല. മറ്റെന്തെങ്കിലും സ്ഫോടന ശബ്ദം വെടിയൊച്ച ആയി അവർ തെറ്റിദ്ധരിച്ചതായിരിക്കാം” എന്നാണ് കിം യോ ജോങ് ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയോട് നടത്തിയ പ്രസ്താവനയിൽ അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം കുറയ്ക്കുന്നതിനായി 2018ൽ ഉണ്ടാക്കിയ കരാറിന് കീഴിലുള്ള ബഫർ സോണിലാണ് ഉത്തരകൊറിയയുടെ ഷെല്ലുകൾ പതിച്ചതെന്ന് ദക്ഷിണകൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി. മാസങ്ങൾക്കു മുൻപ് ഉത്തര കൊറിയ ഒരു ചാര ഉപഗ്രഹം വിക്ഷേപിച്ചത് വഴി 2018ലെ കരാർ നിഷ്ക്രിയമായതായി നേരത്തെ ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു.
Discussion about this post