ന്യൂഡൽഹി : ഓഹരി കൈമാറ്റ വിഷയത്തിൽ റിപ്പോർട്ടർ ചാനലിന് വൻ തിരിച്ചടി. രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് കാരണം ചൂണ്ടിക്കാട്ടി റിപ്പോർട്ടർ ചാനലിന്റെ ഓഹരി കൈമാറ്റം ആഭ്യന്തരമന്ത്രാലയം തടഞ്ഞു. ചാനലിലേക്ക് അനധികൃതമായി പണം വന്നെത്തിയിട്ടുള്ളതായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
റിപ്പോർട്ടർ ചാനലിന്റെ ഓഹരി ഉടമകളായ എല്ലാ വ്യക്തികളുടെയും അക്കൗണ്ടുകൾ പരിശോധിച്ചതിനുശേഷം ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓഹരി കൈമാറ്റത്തിനുള്ള നടപടികൾക്ക് അനുമതി നിഷേധിച്ചത്. ചാനലിലേക്ക് നിരോധിത സംഘടനയിൽ നിന്ന് പോലും പണം വന്നെത്തിയിട്ടുള്ളത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമായാണ് ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നത്.
റിപ്പോർട്ടർ ചാനലിന്റെ ഓഹരികൾ കൈമാറ്റം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എം വി നികേഷ് കുമാറിന്റെ അപേക്ഷ ആഭ്യന്തരമന്ത്രാലയം തള്ളി. മുട്ടില്‍ കുടുംബത്തിലെ കെ.ജെ.ജോസ്, വി.വി.സാജു എന്നിവരുടെ പേരിലേക്ക് ഓഹരികൾ കൈമാറ്റം നടത്താൻ അനുവദിക്കണമെന്നായിരുന്നു നികേഷ് കുമാർ ആവശ്യപ്പെട്ടിരുന്നത്.
റിപ്പോർട്ടർ ചാനലിന്റെ തുടക്കത്തിൽ പണം മുടക്കിയിരുന്ന ലാലി ജോസഫ് നികേഷ് കുമാറിനെതിരെ നൽകിയിട്ടുള്ള പരാതികളും ഓഹരി കൈമാറ്റ വിഷയത്തിൽ അന്വേഷണ വിധേയമായിട്ടുണ്ട്. കുമാർ വ്യാജ രേഖകൾ ചമച്ച് ഓഹരികളിൽ തിരിമറി നടത്തിയെന്നാണ് ലാലി ജോസഫ് നൽകിയിട്ടുള്ള കേസിൽ പറയുന്നത്. ഈ കേസിൽ അന്തിമവിധി വരാനിരിക്കെയാണ് എം വി നികേഷ് കുമാർ തിടുക്കപ്പെട്ട് റിപ്പോർട്ടർ ചാനലിന്റെ ഓഹരികൾ മുട്ടിൽ കുടുംബത്തിലെ വ്യക്തികൾക്ക് കൈമാറാനായി അനുമതി തേടിയിരുന്നത്.
Discussion about this post