ഭോപ്പാൽ : മുഖ്യമന്ത്രി ഡോ. മോഹൻ യാദവും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും ചേർന്ന് ഉജ്ജയിനിൽ രാജ്യത്തെ ആദ്യത്തെ ആരോഗ്യകരവും വൃത്തിയുള്ളതും ശുചിത്വവുമുള്ള ഭക്ഷണ തെരുവ് ആയ ‘പ്രസാദം’ ഉദ്ഘാടനം ചെയ്തു. 175 ലക്ഷം രൂപ ചെലവിലാണ് ഈ പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.
17 കടകളാണ് പ്രസാദം ഭക്ഷണ തെരുവിൽ ഉണ്ടാവുക. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഉജ്ജയിനിൽ വരുന്ന ഭക്തർക്ക് നാടൻ ധാന്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങൾ ഈ കടകളിൽ നിന്നും ലഭിക്കും. മധ്യപ്രദേശിൽ വികസനത്തിന്റെ തേരോട്ടം തുടരുമെന്നും വികസന പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി ഡോ.മോഹൻ യാദവ് ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ജനുവരി 14ന് മകരസംക്രാന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. തുറസ്സായ സ്ഥലത്ത് വിൽപന നടത്തുന്ന ഇറച്ചി, മീൻ കടകൾ നീക്കം ചെയ്യാൻ 25 ദിവസം മുമ്പ് നിർദേശം നൽകിയിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഇന്ന് സംസ്ഥാനത്ത് തുറസ്സായ സ്ഥലത്ത് ഇറച്ചിയും മത്സ്യവും വിൽക്കുന്ന 25,000 ത്തോളം കടകൾ നീക്കം ചെയ്തിട്ടുണ്ടെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം വ്യക്തമാക്കി. മഹാകാൽ നഗരമായ ഉജ്ജയിൻ ഭാവിയുടെ ഗ്രീൻവിച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post