ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലിദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മിനിറ്റുകൾക്കകം ഹൈക്കമ്മീഷണർ ഇബ്രാഹിം ഷഹീബ് വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തെത്തി.വിഷയം വിവാദമായതോട ഇന്നലെ 3 മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇത് കൂടാതെയാണ് ഹൈക്കമ്മീഷണറെ ഇന്ന് രാവിലെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ മാലദ്വീപ് ഹൈ കമ്മീഷണറെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. തുടർന്ന് മന്ത്രിമാർക്കെതിരായി സ്വീകരിച്ച നടപടി മാലദ്വീപ് ഹൈകമ്മീഷണർ ഇന്ത്യയെ ഔദ്യോ?ഗികമായി അറിയിച്ചു.
ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി,പ്രാദേശികടൂറിസം പ്രോത്സാഹിപ്പിക്കാൻ പങ്കുവച്ച പോസ്റ്റിനെതിരെയാണ് മാലിദ്വീപിലെ ഡെപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവർ വിദ്വേഷപരാമർശങ്ങളുമായി രംഗത്തെത്തിയത്. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ പുറത്താക്കി തലയൂരുകയായിരുന്നു മാലിദ്വീപ്.
മാലിദ്വീപ് മുൻ പ്രധാനമന്ത്രി മൊഹമ്മദ് നഷീദുൾപ്പടെ മന്ത്രിമാരുടെ പരാമർശത്തിനെതിരെ രംഗത്തുവന്നു. ഇന്ത്യക്കെതിരായ പരാമർശം സർക്കാർ നയമല്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. നടൻ അക്ഷയ് കുമാർ, മുൻ ക്രിക്കറ്റ് താരം സച്ചിൻ സൽമാൻ ഖാൻ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ തുടങ്ങി നിരവധി ബോളിവുഡ്, കായിക താരങ്ങൾ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കണം എന്നുള്ള ട്വീറ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രിമാരുടെ പരാമർശത്തിനെതിരെ ‘മാലദ്വീപിനെ ബഹിഷ്‌കരിക്കുക’ എന്ന പരാമർശവുമായി നിരവധിപ്പേരാണ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തിയത്. മാലിദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കിയതായി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.മാലിദ്വീപിലേക്കുള്ള 8,000-ത്തിലധികം ഹോട്ടൽ ബുക്കിംഗുകളും 2,500 വിമാന ടിക്കറ്റുകളുമാണ് ഇതിനകം റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post