എറണാകുളം: ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ മർദ്ദനം. എറണാകുളം നോർത്തിലെ എസ്ആർഎം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് യുവതിക്ക് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഇവർ തമ്മിലുള്ള വാക്കുതർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജ് ഉടമ ബെൻ ജോയ്, സുഹൃത്ത് ഷൈജു എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഐപിസി 354 പ്രകാരമാണ് ഉടമക്കെതിരെ കേസ് എടുത്തത്.
യുവതിയും സുഹൃത്തുക്കളുമടങ്ങുന്ന എട്ടംഗ സംഘമാണ് കഴിഞ്ഞ ദിവസം ഹോട്ടലിൽ താമസിക്കാനെത്തിയത്. രണ്ട് മുറികളെടുത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്നലെ രാത്രി പുറത്ത് പോയി തിരിച്ച് വന്ന സമയത്ത് ഹോട്ടലിന്റെ ലോബിയിൽ വച്ച് ഉടമയുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഉടമയുടെ ബന്ധുവായ ഷൈജുവുമായാണ് ആദ്യം തർക്കമുണ്ടായത്. പിന്നീട് ഹോട്ടലുടമ ബെൻജോയ് കൂടി ഇടപെടുകയും യുവതിയുടെ മുഖത്ത് രണ്ട് തവണ അടിക്കുകയുമായിരുന്നു. തുടർന്ന് യുവതിയോടും സുഹൃത്തുക്കളോടും ഹോട്ടലുടമ മുറിയൊഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ, പണം തിരികെ നൽകാതെ റൂമൊഴിയില്ലെന്ന് സംഘം അറിയിച്ചു. ഇതോടെ പോലീസിടപെടുകയായിരുന്നു. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.
Discussion about this post