തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വികസിത സങ്കൽപ് പരിപാടിയിൽ സിപിഐ നേതാവ് പങ്കെടുത്തത് ചർച്ചയാവുന്നു. കിഴുവിലം പഞ്ചായത്ത് പ്രസിഡന്റും സിപഐ അംഗവുമായ രജിതയാണ് ബിജെപി നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുത്തത്.
പദ്ധതിയുടെ ഭാഗമായി കിഴുവിലം പഞ്ചായത്തിലായിരുന്നു കഴിഞ്ഞ ദിവസം വികസിത് ഭാരത് സങ്കൽപ്പ് യാത്ര എത്തിയത്. പഞ്ചായത്തിലെ പരിപാടി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർന്നിട്ടുണ്ടെന്നാണ് വിവരം. വികസിത് ഭാരത് സങ്കൽപ് യാത്രയോട് ഇടത് കക്ഷികൾ സഹകരിച്ചിരുന്നില്ല. ഇതിനിടെയാണ് പരിപാടിയിൽ സി.പി.ഐ. അംഗമായ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തത്.
നേരത്തെ കോട്ടയത്തും എറണാകുളത്തും സി.പി.എം. നേതാക്കൾ വികസിത് ഭാരത് യാത്രയിൽ പങ്കെടുത്തത് വിവാദമായിരുന്നു. കോട്ടയം വെള്ളൂരിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിത കുമാർ ആയിരുന്നു പങ്കെടുത്ത് പ്രസംഗിച്ചത്. എറണാകുളം മരട് നഗരസഭയിലെ സി.പി.എം. കൗൺസിലർ ജിജി പ്രേമൻ യാത്രയുടെ ഉദ്ഘാടകയായിരുന്നു.












