കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ആൺസുഹൃത്തിനെ വിവാഹദിവസം തേടിയെത്തി യുവതി. പോലീസിനൊടൊപ്പമാണ് യുവതി കോഴിക്കോട് സ്വദേശിയായ ആൺസുഹൃത്തിന്റെ വിവാഹപന്തലിൽ എത്തിയത്. കര്‍ണാടകയിലെ ഉളളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേക്കാര്‍ ബീരിലാണ് സംഭവം. മൈസൂർ സ്വദേശിയായ യുവതി എത്തുമെന്നറിഞ്ഞ ഇയാൾ മുഹൂർത്തത്തിന് മുൻപ് തന്നെ മംഗളൂരു സ്വദേശിനിയെ താലി കെട്ടി മുങ്ങുകയായിരുന്നു.
യുവാവിനെതിരെ പന്തീരാങ്കാവ് പോലീസിൽ യുവതി നേരത്തെ പരാതി നൽകിയിരുന്നു. പന്തീരാങ്കാവിലെ ഫ്ലാറ്റിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 19 ലക്ഷം രൂപ തട്ടിയെടുത്തതായും പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് യുവതി അറിയുന്നത്. ഇതോടെ പോലീസുമായി യുവതി വിവാഹ പന്തലിൽ എത്തുകയായിരുന്നു. എന്നാൽ, യുവതി എത്തുന്നതിന് മുൻപ് തന്നെ ഇയാൾ താലി ചാർത്തിയിരുന്നു. ഇതോടെ യുവതിയും മൈസൂര്‍ പോലീസിന്റെ സംഘവും തിരികെ പോയി.
Discussion about this post