റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. കൻകെർ ജില്ലയിൽ ആയിരുന്നു സംഭവം. ബിജെപി പഖജ്ഞൂർ യൂണിറ്റി വൈസ് പ്രസിഡന്റ് അസിം റായ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. രാത്രി ഇരുചക്ര വാഹനത്തിൽ ഓഫീസിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്നു അസിം റായ്. ഇതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. അസിമിനെ പിന്തുടർന്നെത്തിയ രണ്ടംഗ മുഖം മൂടി സംഘം തടഞ്ഞു നിർത്തിയ ശേഷം നിറയൊഴിക്കുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കമ്യൂണിസ്റ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. രാഷ്ട്രീയ കൊലയാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
2014 ലും അദ്ദേഹത്തിന് നേരെ വധശ്രമം ഉണ്ടായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികളും ബിജെപി പ്രവർത്തകരും രംഗത്ത് എത്തി. അക്രമികളെ എത്രയും വേഗം പിടികൂടണമെന്നും ഇവർ ആവശ്യപ്പെട്ടു.
Discussion about this post