ന്യൂഡൽഹി : മാലിദ്വീപ് വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ അറിയിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച സംഭാവനകൾക്ക് ഈ വർഷത്തെ അർജുന അവാർഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഷമി. എല്ലാ ഭാരതീയരും നമ്മുടെ രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി.
“നമ്മുടെ രാജ്യത്തെ വിനോദസഞ്ചാരത്തെ നമ്മൾ പ്രോത്സാഹിപ്പിക്കണം. രാജ്യം നല്ല രീതിയിൽ മുന്നോട്ടുപോയി പുരോഗമനം കൈവരിക്കുമ്പോൾ അത് എല്ലാവർക്കും നല്ലതാണ്. നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് നമ്മുടെ പ്രധാനമന്ത്രി ശ്രമിക്കുന്നത്, അതിനാൽ നമ്മളെല്ലാവരും അതിനെ പിന്തുണയ്ക്കണക്കേണ്ടതാണ്” എന്നാണ് ന്യൂഡൽഹിയിൽ രാഷ്ട്രപതിയിൽ നിന്നും അർജുന അവാർഡ് സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേ ഷമി വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം മാലിദ്വീപിലെ മൂന്ന് മന്ത്രിമാർ അടക്കം ഏതാനും രാഷ്ട്രീയ നേതാക്കൾ ഇന്ത്യക്കെതിരെ വംശീയ ആക്രമണം നടത്തിയതാണ് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുമുള്ള നിരവധി പ്രമുഖർ പ്രധാനമന്ത്രിക്കും ലക്ഷദ്വീപിനും മറ്റ് ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും പിന്തുണ അറിയിച്ചുകൊണ്ട് മാലിദ്വീപിനെതിരായി രംഗത്ത് വന്നു. ക്രിക്കറ്റ് താരങ്ങളും സിനിമാതാരങ്ങളും അടക്കമുള്ള നിരവധി പേർ ‘ബോയ്കോട്ട് മാലിദ്വീപ്’ ഹാഷ് ടാഗുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത് വഴി വലിയ ടൂറിസം നഷ്ടമാണ് മാലിദ്വീപിന് ഉണ്ടായിരിക്കുന്നത്.
Discussion about this post