അഹമ്മദാബാദ്: ഗുജറാത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപ പദ്ദതികളാണ് ഗൗതം അദാനി പ്രഖ്യാപിച്ചിരിക്കുന്നത്. ബഹിരാകാശത്ത് നിന്ന് പോലും കാണാൻ കഴിയുന്ന ഒരു ഗ്രീൻ എനർജി പാർക്ക് നിർമ്മിക്കാനൊരുങ്ങുകയാണെന്ന് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗൗതം അദാനി പറഞ്ഞു. 25 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നതായിരിക്കും ഇത്. ഗുജറാത്തിൽ വരാനിരിക്കുന്ന ഈ പദ്ധതി ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇത് സാദ്ധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് ഗുജറാത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. രാജ്യത്ത് നൂതനാശയങ്ങൾ സൃഷ്ടിക്കുന്നതിനും ഗുജറാത്തിലെ പുനരുപയോഗ ഊർജ മേഖലയുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നതിനുമാണ് ഈ നിക്ഷേപം. ഇത് രാജ്യത്ത് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും’- അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച് സാമ്പത്തിക നേട്ടത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. 2014 മുതൽ ഇന്ത്യ ജിഡിപിയിൽ 185 ശതമാനം വളർച്ചയും പ്രതിശീർഷ വരുമാനത്തിൽ 165 ശതമാനം വളർച്ചയും കൈവരിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇനിയും കൂടുതൽ വളർച്ച കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post