അഹമ്മദാബാദ്: അടുത്ത 25 വർഷത്തിനുള്ളിൽ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി നഗറിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന 25 വർഷം ഇന്ത്യയുടെ അമൃത കാലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഈ അടുത്താണ് ഇന്ത്യ 75-ാം സ്വാതന്ത്ര ദിനം ആഘോഷിച്ചത്. ഇനി അടുത്ത 25 വർഷത്തിലേക്കുള്ള ലക്ഷ്യത്തിലേക്കാണ് രാജ്യം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ട് ഇനി വരുന്ന 25 വർഷം ഇന്ത്യയുടെ അമൃതകാലമാണ്’- പ്രധാനമന്ത്രി വ്യക്തമാക്കി.
2003ൽ മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ തുടങ്ങി വച്ച വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ഇന്ന് അതിന്റെ പത്താം പതിപ്പിൽ എത്തി നിൽക്കുകയാണ്. ‘ഭാവിയിലേക്കുള്ള കവാടം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ഈ വർഷത്തെ ഉച്ചകോടി വരുന്ന 12നാണ് അവസാനിക്കുക. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയുടെ 20 വിജയകരമായ വർഷങ്ങളെ ഈ ഉച്ചകോടി അനുസ്മരിക്കും.
അമൃതകാലത്തിലെ ആദ്യത്തെ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയാണ് ഇത്. ഇത് ഈ വർഷത്തെ ഉച്ചകോടിയുടെ പ്രധാന്യം വർദ്ധിപ്പിക്കുന്നു. നൂറോളം രാജ്യങ്ങളുടെ പ്രതിനിധികളാണ് ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യയുടെ വികസനത്തിലേക്കുള്ള ഈ യാത്രയിൽ ഇവരെല്ലാം വലിയ പങ്കാണ് വഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകം ഇന്ത്യയെ സുസ്ഥിരമായ ഒരു തൂണായി ആണ് കണക്കാക്കുന്നത്. വിശ്വസിക്കുന്ന ഒരു സുഹൃത്തായും ജനങ്ങളുടെ വികസനം ആഗ്രഹിക്കുന്ന ഒരു പങ്കാളിയായും ആഗോള നന്മയെ ആഗ്രഹിക്കുന്ന ഒരു ശബ്ദമായും കഴിവുള്ള യുവജനങ്ങളുടെ ശക്തി കേന്ദ്രമായും ഒക്കെയാണ് ഇന്ത്യയെ ലോകം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post