അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ആദ്യ ദിനം തന്നെ സംസ്ഥാനത്തിന് നേട്ടം. നിരവധി വൻകിട അന്താരാഷ്ട്ര കമ്പനികളാണ് ഗുജറാത്തിൽ നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുള്ളത്. യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൻകിട കമ്പനിയായ ഡിപി വേൾഡിന്റെ പ്രഖ്യാപനം ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ഗുജറാത്തിൽ 25,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ഡിപി വേൾഡ് സിഇഒ സുൽത്താൻ അഹമ്മദ് ബിൻ സുലൈമാന്റെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാരുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചതായും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് അഡീഷണൽ ചീഫ് സെക്രട്ടറി ഡി.കെ ദാസിന്റെ സാന്നിദ്ധ്യത്തിലാണ് കമ്പനി ധാരണപത്രത്തിൽ ഒപ്പുവച്ചത്. പുതിയ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, എക്കണോമിക് സോണുകൾ എന്നിവയിൽ ആണ് നിക്ഷേപത്തിന്റെ ഭൂരിഭാഗവും.
തെക്ക്, പടിഞ്ഞാറൻ ഗുജറാത്തിലും കച്ചിലും തുറമുഖ നിർമ്മാണത്തിൽ ഡിപി വേൾഡ് പങ്കാളികളാകും. ഗതിശക്തി കാർഗോ ടെർമിനലിന്റെ നിർമ്മാണത്തിലും, വഡോദര, രാജ്‌കോഠ്, ബേദി, മോർബി എന്നിവിടങ്ങളിൽ സ്വകാര്യ ഫ്രൈറ്റ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിലും കമ്പനി നിർണായക പങ്കുവഹിക്കും.
യുഎഇയിലെ മൾട്ടിനാഷണൽ ലോജിസ്റ്റിക്‌സ് കമ്പനിയാണ് ഡി.പി വേൾഡ്. കഴിഞ്ഞ 20 വർഷക്കാലമായി രാജ്യത്തെ വിവിധ പദ്ധതികളിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇതുവരെ 2.5 ബില്യൺ ഡോളറിന്റെ നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ട്.
Discussion about this post