ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോട് അനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി ഡൽഹി മാർക്കറ്റിലെ വ്യാപാരികൾ. ജനുവരി 11 മുതൽ ‘റാം ക്യാമ്പയിൻ’ എന്ന പേരിലാണ് വിശേഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി പതിനൊന്നാം തീയതി മുതൽ ഡൽഹിയിലെ വിവിധ മാർക്കറ്റുകളിൽ ഹനുമാൻ ചാലിസയും രാമായണം സുന്ദരകാണ്ഡവും പാരായണം നടത്തുമെന്ന് വ്യാപാരി വ്യവസായി സംഘടന അറിയിച്ചു.
ശ്രീരാമ പട്ടാഭിഷേകത്തിന്റെ പ്രചാരണങ്ങളുടെ ഭാഗമായി ബുധനാഴ്ച ഡൽഹിയിലെ നാഷണൽ ക്ലബ്ബിൽ ശ്രീറാം സംവാദ് പരിപാടി സംഘടിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് ഡൽഹി മാർക്കറ്റുകളിൽ ‘റാം ക്യാമ്പയിൻ’ ആരംഭിക്കുന്നത്. രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിയുന്നത് വരെ മാർക്കറ്റുകളിൽ പ്രത്യേക ദീപാലങ്കാരവും ഒരുക്കുമെന്ന് വ്യാപാരികളുടെ സംഘടന അറിയിച്ചിട്ടുണ്ട്.
ശ്രീറാം സംവാദ് പരിപാടിയിൽ നഗരപ്രദേശത്തെ നൂറിലധികം വ്യാപാര സംഘടനകളുടെ നേതാക്കൾ പങ്കെടുത്തു. ഈ വർഷത്തെ ജനുവരി 22 നൂറ്റാണ്ടിലെ തന്നെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണെന്ന് വ്യാപാര സംഘടനകൾ അഭിപ്രായപ്പെട്ടു. ശ്രീരാമ പട്ടാഭിഷേക ചടങ്ങിന്റെ ഭാഗമായി ഡൽഹിയിലെ എല്ലാ മാർക്കറ്റുകളിലും ശ്രീരാമന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത പതാകകൾ സ്ഥാപിക്കുമെന്ന് സംഘടന അറിയിച്ചു. ഒപ്പം ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന ചടങ്ങുകൾ തൽസമയ സംപ്രേക്ഷണം ചെയ്യാനായി മാർക്കറ്റുകളിൽ വലിയ എൽഇഡി സ്ക്രീനുകളും സ്ഥാപിക്കും. ഇതോടൊപ്പം പ്രാണപ്രതിഷ്ഠ പ്രമാണിച്ച് ഡൽഹി മാർക്കറ്റുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് 20 മുതൽ 30 ശതമാനം വരെ വിലക്കിഴിവ് നൽകാനും വ്യാപാരി വ്യവസായി സംഘടന തീരുമാനിച്ചിട്ടുണ്ട്.
Discussion about this post