ഗാന്ധിനഗർ : ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ മെമ്മറി ചിപ്പ് ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുജറാത്തിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലായിരുന്നു അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ കൊറിയൻ കമ്പനിയായ സിംടെക്കുമായി മൈക്രോചിപ്പ് നിർമ്മാണത്തിന് കരാർ ഒപ്പിട്ടതായും ഈ വർഷം അവസാനത്തോടെ ഉൽപ്പന്നം പുറത്തിറക്കാൻ കഴിയുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഗുജറാത്തിലെ മൈക്രോണിന്റെ അർദ്ധചാലക പ്ലാന്റിന്റെ പിന്തുണയോടെയാണ് അർദ്ധചാലകങ്ങൾക്കായി ഹൈ-ലേയർ പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ നിർമ്മിക്കുന്ന സിംടെക്ക് ഇന്ത്യയിൽ ആഭ്യന്തരമായി മൈക്രോചിപ്പ് നിർമ്മാണം ആരംഭിക്കുന്നത്. ഗുജറാത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനായി 1,250 കോടി രൂപയിലധികം രൂപയുടെ നിക്ഷേപം നടത്തുന്നതിനുള്ള കരാറാണ് ദക്ഷിണ കൊറിയൻ കമ്പനിയായ സിംടെക് ഗുജറാത്ത് സർക്കാരുമായി ഒപ്പിട്ടിരിക്കുന്നത്.
മൈക്രോണിന്റെ സ്ഥാപനത്തിന് സമീപമുള്ള സാനന്ദിൽ ഒരു യൂണിറ്റ് സ്ഥാപിക്കാനാണ്
ചിപ്പുകൾക്ക് സബ്‌സ്‌ട്രേറ്റുകൾ നിർമ്മിക്കുന്ന സിംടെക്കിന് ഗുജറാത്ത് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബുധനാഴ്ച നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ കമ്പനിയ്ക്ക് ഏറെ താല്പര്യമുള്ളതായി സിംടെക് സിഇഒ ജെഫ്രി ചുൻ പ്രഖ്യാപിച്ചിരുന്നു. നിക്ഷേപം സംസ്ഥാനത്ത് പ്രത്യക്ഷമായും പരോക്ഷമായും ആയിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് ഗുജറാത്ത് സർക്കാർ പ്രതീക്ഷിക്കുന്നത്.
Discussion about this post