വിദേശത്ത് ജോലി ചെയ്‌തോ ബിസിനസ് ചെയ്‌തോ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരാണ് അതികവും. ഒന്ന് മനസ് വച്ചാൽ നമ്മുടെ നാട്ടിൽ നിന്ന് തന്നെ വിജയം നേടാമെങ്കിലും പലവധി കാരണങ്ങൾ കൊണ്ട് വിദേശരാജ്യം എന്നും പലരുടെയും സ്വപ്‌നമാണ്. ഇപ്പോഴിതാ വിദേശികളെ ആകർഷിക്കാൻ പുതിയ പദ്ധതികൾക്ക് കുടക്കമിട്ടിരിക്കുകയാണ് സൗദി അറേബ്യ.
വിദേശികളെ ആകർഷിപ്പിക്കാനും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും പുതിയ അഞ്ച് വിസകൾ കൂടി പരിചയപ്പെടുത്തിരിക്കുകയാണ് രാജ്യം. സ്‌പെഷ്യൽ ടാലന്റ്, ഗിഫ്റ്റഡ്, ഇൻവെസ്റ്റർ, എന്റർപ്രണർ, റിയൽ എസ്റ്റേറ്റ് എന്നിവയാണ് വിദേശികൾക്കുള്ള വിസകൾ. ഇവയിലൂടെ ഒരു സ്‌പോൺസറിന്റെയും ആവശ്യമില്ലാതെ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും ബിസിനസുകളും സ്വത്തുക്കളും സ്വന്തമാക്കാനുമുള്ള അവകാശം വിദേശികൾക്ക് ലഭിക്കുന്നു.
പ്രത്യേക കഴിവുള്ളവർ, പ്രതിഭകൾ, നിക്ഷേപകർ, സംരംഭകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ എന്നിങ്ങനെ പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കിയതായി പ്രീമിയം റെസിഡൻസി സെന്റർ ചെയർമാൻ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അറിയിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിച്ചും വിജ്ഞാന വിനിമയം പ്രോത്സാഹിപ്പിച്ചും രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനം ത്വരിതപ്പെടുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. വിഷൻ 2030ന്റെ ഭാഗമായുള്ള സൗദി അറേബ്യയുടെ വികസന യാത്ര ദ്രുതഗതിയിലാക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
അഞ്ച് പുതിയ സൗദി പ്രീമിയം റെസിഡൻസി
സ്പെഷ്യൽ ടാലന്റ് റെസിഡൻസി:- ആരോഗ്യ സംരക്ഷണം, ശാസ്ത്രം, ഗവേഷണം എന്നിവയിൽ വൈദഗ്ധ്യമുള്ള എക്സിക്യൂട്ടീവുകൾക്കും പ്രൊഫഷണലുകൾക്കും.
ഗിഫ്റ്റ് റെസിഡൻസി:– സംസ്‌കാരം, കല, കായികം എന്നീ രംഗങ്ങളിൽ കഴിവ്തെളിയിച്ച വ്യക്തികൾക്കും സ്പെഷ്യലിസ്റ്റുകൾക്കും.
നിക്ഷേപക റെസിഡൻസി:– സൗദിയിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ബിസിനസുകാർക്കും നിക്ഷേപകർക്കും.
എന്റർപ്രണർ റെസിഡൻസി:– സൗദിയിൽ നൂതന കമ്പനികൾ ആരംഭിക്കാനോ വികസിപ്പിക്കാനോ ആഗ്രഹിക്കുന്ന നൂതന ആശയങ്ങളുള്ള സംരംഭകരും പ്രോജക്ട് ഉടമകളും.
റിയൽ എസ്റ്റേറ്റ് റെസിഡൻസി– റിയൽ എസ്റ്റേറ്റ് കൈവശമുള്ളവരും രാജ്യത്തിന്റെ അസാധാരണമായ ജീവിത നിലവാരം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുമായ വ്യക്തികൾക്ക്.
പ്രീമിയം ഇഖാമയുടെ നേട്ടങ്ങൾ
വിദേശികൾക്കും ആശ്രിതർക്കുമുള്ള ലെവി ഇളവ്, കുടുംബാംഗങ്ങൾക്കുള്ള ഇഖാമ, വിസയില്ലാതെ സൗദിയിൽ നിന്ന് പുറത്തുപോകൽ, രാജ്യത്ത് തിരികെ പ്രവേശിക്കൽ, ഫീസുകളില്ലാതെ ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് സ്വതന്ത്രമായ തൊഴിൽ മാറ്റം, ബന്ധുക്കൾക്കുള്ള വിസിറ്റ് വിസ എന്നിവ അടക്കമുള്ള ആനുകൂല്യങ്ങൾ പ്രീമിയം ഇഖാമ ഉടമകൾക്ക് ലഭിക്കും. മാതാപിതാക്കളും ഭാര്യമാരും 25ൽ കുറവ് പ്രായമുള്ള മക്കളും അടക്കം കുടുംബത്തോടൊപ്പം സൗദിയിൽ താമസിക്കാം. രാജ്യത്ത് വാഹനങ്ങളും മറ്റ് ഗതാഗത മാർഗ്ഗങ്ങളും സ്വന്തമാക്കാനും ലൈസൻസ് നേടാനും അനുവദിക്കുന്നു.
റിയൽ എസ്റ്റേറ്റ് ഉടമകൾക്കുള്ള പ്രീമിയം ഇഖാമ നേടുന്നവർക്ക് എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിൽ സൗദി പൗരന്മാർക്കും ഗൾഫ് പൗരന്മാർക്കുമുള്ള പ്രത്യേക ട്രാക്കുകൾ ഉപയോഗിക്കൽ, ഭാര്യക്കും മക്കൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ, തൊഴിൽ മാറ്റ സ്വാതന്ത്ര്യം, നിക്ഷേപ നിയമം അനുസരിച്ച് രാജ്യത്ത് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാനുള്ള അവകാശം അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
പ്രീമിയം ഇഖാമയുടെ ചെലവ്
പ്രീമിയം റെസിഡൻസി ഇഖാമകൾ ഓരോ വർഷവും പുതുക്കാവുന്ന വിധത്തിലും ആജീവനാന്ത കാലത്തേക്കുള്ളതും ലഭ്യമാണ്. ഓരോ വിഭാഗത്തിനും ഒറ്റത്തവണ ഫീസായി 4,000 സൗദി റിയാൽ (88,565 രൂപ) അടയ്ക്കണം. അൺലിമിറ്റഡ് പ്ലാനിന് 800,000 സൗദി റിയാലും (1,77,11,327 രൂപ) ഒരു വർഷത്തെ പ്ലാനിന് 100,000 സൗദി റിയാലും (22,13,915 രൂപ) മുൻകൂർ പേയ്‌മെന്റ് ആവശ്യമാണ്.
റിയൽ എസ്റ്റേറ്റ് ഉടമകൾക്കുള്ള പ്രീമിയം ഇഖാമ ലഭിക്കാൻ വിദേശികൾക്ക് സൗദിയിൽ 40 ലക്ഷം റിയാലിൽ കുറയാത്ത വിലയുള്ള പാർപ്പിട ആവശ്യത്തിനുള്ള നിർമാണം പൂർത്തിയായ വസ്തു ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വസ്തു പണയപ്പെടുത്തിയതോ വായ്പയെടുത്ത് വാങ്ങിയതോ ആവരുതെന്നും വാങ്ങിയ ശേഷം പണയപ്പെടുത്തരുതെന്നും നിബന്ധനയുണ്ട്. സൗദി അതോറിറ്റി ഫോർ അക്രെഡിറ്റഡ് വാല്യുവേഴ്‌സ് അംഗീകാരമുള്ള മൂല്യനിർണയക്കാരാണ് റിയൽ എസ്റ്റേറ്റ് ആസ്തിയുടെ മൂല്യം സാക്ഷ്യപ്പെടിത്തേണ്ടത്. റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നോക്കിയാണ് ഈ വിഭാഗത്തിലെ പ്രീമിയം ഇഖാമ കാലാവധി അനുവദിക്കുക.
Discussion about this post