ഭോപ്പാൽ: ബാബ മഹാകാൽ നഗരമായ ഉജ്ജയിനിയിൽ നിന്നും അയോദ്ധ്യാ രാമക്ഷേത്രത്തിലേക്ക് പ്രസാദമായി അഞ്ച് ലക്ഷം ലഡ്ഡു അയക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അയോദ്ധ്യ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് ദിവസം നിർദേശിച്ചാലും ഞങ്ങൾ അത് അനുഗമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
500 വർഷങ്ങൾക്കിപ്പുറം രാമക്ഷേത്രം വീണ്ടും ഉയരുമ്പോൾ ബാബ മഹാകൽ നഗരത്തിൽ നിന്ന് അഞ്ച് ലക്ഷം ലഡ്ഡു പ്രസാദമായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് മധ്യപ്രദേശിൽ നിന്നുള്ള വിക്രമാദിത്യ മഹാരാജാവ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിച്ചു. ഏകദേശം 500 വർഷങ്ങൾക്ക് മുൻപാണ് ബാബർ ആ മഹാക്ഷേത്രം നശിപ്പിച്ചത്. പിന്നെ എങ്ങനെയാണ് മധ്യപ്രദേശ്
രാമക്ഷേത്രത്തിന്റെ കാര്യത്തിൽ പിന്നോട്ട് നിൽക്കുകയെന്ന് അദ്ദേഹം ചോദിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചതിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിമർശിച്ചിരുന്നു. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചുകൊണ്ട് രാജ്യത്തെ ഭൂരിഭാഗം ആളുകളുടെയും വികാരത്തെ കോൺഗ്രസ് വ്രണപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് വളരെ നിർഭാഗ്യകരമാണ്. ആദ്യം കോൺഗ്രസ് രാമക്ഷേത്രത്തിന്റെ നിർമാണത്തിന് തടസം നിന്നു. ഇപ്പോൾ അവർ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനെ അപമാനിക്കുന്നു. ഇത് വഴി അവർ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും വികാരത്തെ വ്രണപ്പെടുത്തുകയാണ് ചെയ്തത്. കോൺഗ്രസ് ഇതിന് മാപ്പു പറയണം’- അദ്ദേഹം വ്യക്തമാക്കി.
Discussion about this post