ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടക്കുന്നതിനാല്‍ ജനുവരി 22ന് മദ്യനിരോധനം പ്രഖ്യാപിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍. ഉത്തര്‍ പ്രദേശ്, അസം, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രാണപ്രതിഷ്ഠാ ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അന്നേ ദിവസം ഇതേ മാതൃക പിന്തുടര്‍ന്ന്, മദ്യനിരോധനം രാജ്യവ്യാപകമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
അതേസമയം ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഡ്രൈ ഡേ ലിസ്റ്റില്‍ ജനുവരി 22 ഇല്ല. റിപ്പബ്ലിക് ദിനമായ ജനുവരി 26, ഗുരു രവിദാസ് ജയന്തി ദിനമായ ഫെബ്രുവരി 24, സ്വാമി ദയാനന്ദ സരസ്വതി ജയന്തി ദിനമായ മാര്‍ച്ച് 6, മഹാശിവരാത്രി ദിനമായ മാര്‍ച്ച് 8, ഹോളി ദിനമായ മാര്‍ച്ച് 25, ദുഃഖവെള്ളി ദിവസമായ മാര്‍ച്ച് 29 എന്നിവയാണ് ഡല്‍ഹി എക്സൈസ് കലണ്ടര്‍ പ്രകാരം ഡ്രൈ ഡേകള്‍.
ഈ സാഹചര്യത്തില്‍, രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22ന് മദ്യനിരോധനം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാംവീര്‍ സിംഗ് ബിധുരിയും മറ്റ് ബിജെപി നേതാക്കളും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
Discussion about this post