ന്യൂഡൽഹി : കൊടും ശൈത്യത്തെ തുടർന്ന് വലഞ്ഞിരിക്കുകയാണ് ഉത്തരേന്ത്യ. കനത്ത മഞ്ഞും മൂടൽമഞ്ഞും മൂലം പകൽ സമയത്ത് പോലും ഗതാഗത സൗകര്യങ്ങൾ ബുദ്ധിമുട്ടിൽ ആയിരിക്കുന്ന അവസ്ഥയാണ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉള്ളത്. ശൈത്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പഞ്ചാബിലും ഹരിയാനയിലും സ്കൂളുകൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചു.
പഞ്ചാബിൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും അവധിയായിരിക്കും. ഹരിയാനയിൽ 10, 11,12 ക്ലാസുകളിൽ ഉള്ള കുട്ടികൾ ഒഴികെ ബാക്കി എല്ലാ വിദ്യാർത്ഥികൾക്കും അവധി നൽകിയിട്ടുണ്ട്. ജനുവരി 15 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് താൽക്കാലികമായി അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് അവധി നൽകുന്നതെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയ്ൻസ് അറിയിച്ചു. എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. കൊടും ശൈത്യവും കനത്ത മൂടൽ മഞ്ഞും ഉത്തരേന്ത്യയെ വളരെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. വിമാനങ്ങൾ വഴി തിരിച്ചു വിടുന്നതും റോഡുകളിൽ വാഹനാപകടങ്ങൾ നടക്കുന്നതും തുടർക്കഥ ആവുകയാണ്. ജനുവരി അവസാനത്തോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post