ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ നേര്. കഥയിലും താരങ്ങളുടെ അഭിനയ മികവുകൊണ്ടും ചിത്രം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തെ കുറിച്ച് മറ്റൊരു സന്തോഷവാർത്ത പുറത്ത് വിട്ടിരിക്കുകയാണ് സിനിമാ നിർമാതാക്കൾ.
നേര് നൂറ് കോടി ബിസിനിസ് സ്വന്തമാക്കിയതായി നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് അറിയിച്ചു. ആശിർവാദ് സിനിമാസിന്റെ ഔദ്യോഗിക ട്വിറ്റർ, ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഇവർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘മലയാളികളുടെ ആശീർവാദത്തോടെ ഈ കൂട്ടുകെട്ട് 100 കോടിയിൽ’ എന്ന് കുറിച്ചുള്ള പോസ്റ്ററും ഇവർ പേജിൽ പങ്കുവച്ചിട്ടുണ്ട്.
‘എല്ലാ സ്നേഹത്തിനും നന്ദി! നേര് 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും സിനിമാപ്രവർത്തകർക്കും അണിയറ പ്രവർത്തകർക്കും നന്ദി’, എന്നാണ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ആശീർവാദ് സിനിമാസ് പേജിൽ കുറിച്ചിരിക്കുന്നത്.
ഡിസംബർ 21നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. കഴിഞ്ഞ വർഷം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ മൂന്നാമത്തെ ചിത്രമാണ് നേര്. 2018, ആർഡിഎക്സ് എന്നീ ചിത്രങ്ങളും 2023ൽ നൂറ് കോടി നേടിയിരുന്നു. നൂറ് കോടിയിലെത്തുന്ന മോഹൻലാലിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണ് നേര്. പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങളാണ് ഇതിന് മുൻപ് നൂറ് കോടിയിലെത്തിയത്.
സംവിധായകൻ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സിദ്ധിഖ്, പ്രിയാമണി, അനശ്വര രാജന്‍, ജഗദീഷ്, ഗണേഷ് കുമാര്‍, അദിതി രവി, ശ്രീധന്യ, നന്ദു, രശ്മി അനില്‍, ശാന്തി മായാദേവി തുടങ്ങിയവരും നേരിൽ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
Discussion about this post